സമകാലീന കലയിലെ പുതിയ പ്രവണതകള്‍ക്കുള്ള പ്രചോദനമാണ് കൊച്ചി ബിനാലെ- സുരേഷ് കുറുപ്പ്

298

കൊച്ചി: ഓരോ ലക്കത്തിലും സമകാലീനകലയിലെ പുതിയ പ്രവണതകള്‍ അവതരിപ്പിക്കാന്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് സുരേഷ് കുറുപ്പ് എം എല്‍ എ. കഴിഞ്ഞ രണ്ട് ലക്കവും കണ്ട വ്യക്തിയെന്ന നിലയില്‍ ഈ പ്രവണത കൂടുതല്‍ ശ്രദ്ധിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ളതാണ് ബിനാലെ പ്രദര്‍ശനമെന്ന് പൊതുമരാമത്ത് വകുപ്പ് അഡി ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടു. സമകാലീനകലാരംഗത്തെ പുത്തന്‍ പ്രവണതകള്‍ക്ക് പ്രചോദനമാണ് കൊച്ചി ബിനാലെയെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കലാകാരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ലോകോത്തരമായ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമ്പോള്‍ കലാകാരന്മാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. കലാരംഗത്തെ പുതിയ പ്രവണതകള്‍ കൂടാന്‍ കാരണം ബിനാലെ പോലുള്ള പ്രദര്‍ശനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് ലക്കം ബിനാലെയില്‍ നിന്നും വ്യത്യസ്തമായി പ്രദര്‍ശനങ്ങളുടെയും പങ്കെടുത്ത ആര്‍ട്ടിസ്റ്റുകളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വിദേശികളടക്കം ബിനാലെ കാണാനായി കൊച്ചിയിലേക്കെത്തുന്നു. വിദേശങ്ങളില്‍ പോലും കൊച്ചി ബിനാലെ പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ വേദിയാകാന്‍ ഫോര്‍ട്ട്‌കൊച്ചി പോലെ മറ്റൊരു സ്ഥലമില്ലെന്ന് സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ടൂറിസം പ്രാധാന്യമുള്ള മറ്റേത് സ്ഥലത്ത് ഇത്തരത്തിലുള്ള പ്രദര്‍ശനം നടത്തിയാലും കൊച്ചിയുടെ ബഹിര്‍മുഖമായ അന്തരീക്ഷം അതിന് കിട്ടില്ല. ബിനാലെ സൗന്ദര്യത്തിന് ഫോര്‍ട്ട്‌കൊച്ചിയെന്ന വേദി നല്‍കുന്ന പിന്തുണയും ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ പല സ്ഥലങ്ങളിലും കലാപ്രദര്‍ശനങ്ങള്‍ കണ്ട തനിക്ക് കൊച്ചി ബിനാലെ അത്ഭുതമായി തോന്നിയെന്ന് ടോം ജോസ് പറഞ്ഞു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു വിയുടെ പ്രേരണയിലാണ് താന്‍ ബിനാലെ കാണാനെത്തിയത്. ലോകോത്തര നിലവാരമാണ് കൊച്ചി ബിനാലെ പുലര്‍ത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് മികച്ച പിന്തുണ ബിനാലെയില്‍ നിന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരായ ഇന്ദു മേനോന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരും ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY