പട്ന- ഇന്‍ഡോര്‍ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിന്‍റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി : സുരേഷ് പ്രഭു

210

ന്യൂഡല്‍ഹി • പട്ന- ഇന്‍ഡോര്‍ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിന്‍റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അപകടത്തിനിരയായവര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരമായി വൈദ്യസഹായവും എത്തിക്കുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും അടിയന്തരസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അപകടസ്ഥലത്തിനടുത്തുള്ള ആശുപത്രികളെല്ലാം സഹായവുമായി സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായതു ചെയ്യാനും ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായധനവും പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം അടിയന്തരമായി ലഭ്യമാക്കാന്‍ സേനയുടെ ഡയറക്ടര്‍ ജനറലിനോട് അപകടസ്ഥലത്തെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY