ന്യൂഡല്‍ഹി• നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയില്ലെന്ന പാക്കിസ്ഥാന് വാദം തള്ളി ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചെയ്ക്കു മുന്‍പുതന്നെ ട്രക്കുകളില്‍ കയറ്റി സംഭവസ്ഥലത്തുനിന്നു മാറ്റിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നു വളരെ ശക്തമായ ആക്രമണമാണുണ്ടായത്. വെടിവയ്പ്പില്‍ ഭീകരര്‍ താവളമാക്കിയിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും അവര്‍ പറയുന്നു.ഇന്ത്യന്‍ സേന ആക്രമണം നടത്തിയ ചില പ്രദേശങ്ങളുടെ വിവരവും ദൃക്സാക്ഷികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു എന്‍ക്രിപ്റ്റഡ് ചാറ്റിങ് മാര്‍ഗത്തിലൂടെയാണ് ദൃക്സാക്ഷികളില്‍നിന്നുള്ള വിവരങ്ങള്‍ സ്വീകരിച്ചതെന്നാണ് വിവരം.നിയന്ത്രണരേഖയില്‍നിന്നു നാലു കിലോമീറ്റര്‍ ദൂരത്തുള്ള ദുദ്നിയലും കുപ്വാരയ്ക്കു സമീപമുള്ള ഗുലാബുമാണ് ആക്രമണം നടന്ന സ്ഥലങ്ങള്‍. ഇവിടെ അല്‍ ഹവാബി പാലത്തിനു സമീപം തകര്‍ന്ന കെട്ടിടങ്ങളും ലഷ്കര്‍ ഭീകരര്‍ താവളമാക്കിയ സൈനിക പോസ്റ്റും കണ്ടതായി ദൃക്സാക്ഷി വ്യക്തമാക്കി. കുപ്വാരയിലേക്കു നുഴഞ്ഞുകയറുന്നതിനു മുന്‍പായി ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കുന്ന സ്ഥലമാണ് അല്ഹവാബിയെന്നും അവര്‍ പറഞ്ഞു.
അര്‍ധരാത്രിയില്‍ ശക്തമായ വെടിവയ്പ്പു നടക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നു. എന്നാല്‍ ആരും പുറത്തിറങ്ങി നോക്കിയില്ല. അതിനാല്‍ ഇന്ത്യന്‍ സൈനികരെ കണ്ടില്ല. എന്നാല്‍ അടുത്ത ദിവസം ഇന്ത്യന്‍ സേന ആക്രമണം നടത്തിയതായി ലഷ്കര്‍ അംഗങ്ങള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പുലര്‍ച്ചെ ട്രക്കില്‍ കയറ്റി മാറ്റുന്നതുകണ്ടു. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ ഭാഗത്ത് നീലം നദിയോടുചേര്‍ന്നുള്ള ചല്‍ഹാനയിലുള്ള ലഷ്കര്‍ ക്യാംപിലേക്കാകാം ഇതുമാറ്റിയതെന്നു കരുതുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ആക്രമണം ഒരിക്കലും മറക്കില്ലെന്നും തങ്ങളുടെ ആള്‍ക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ കൊലപ്പെടുത്തുമെന്നും ലഷ്കര്‍ ഭീകരര്‍ പ്രതിജ്ഞയെടുത്തതായി സാക്ഷികള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചെറുത്തുനില്‍പ്പു നടത്താന്‍ പാക്ക് സേന പരാജയപ്പെട്ടുവെന്ന് ലഷ്കര്‍ ഭീകരര്‍ ആരോപിച്ചെന്നും ദൃക്സാക്ഷികളുടെ വിവരണത്തിലുണ്ട്.മിന്നലാക്രമണമല്ല, പ്രകോപനം മാത്രമായിരുന്നു ഇന്ത്യയുടേതെന്നാണ് പാക്കിസ്ഥാന് അവകാശപ്പെട്ടിരുന്നത്. ഇതു തെളിയിക്കുന്നതിനായി രാജ്യാന്തര, പ്രാദേശിക മാധ്യമങ്ങളെ അവര്‍ നിയന്ത്രണരേഖയ്ക്കു സമീപമെത്തിച്ചിരുന്നു.