തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് പിആര്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് വില്‍ക്കുകയാണെന്നും കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിഗതവിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്. കന്പനിയുടെ പരസ്യത്തില്‍ ഐടി സെക്രട്ടറി അഭിനയിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. മാര്‍ക്കറ്റിംഗ് കന്പനിക്ക് രോഗികളുടെ വിവരശേഖരണകരാര് നല്കിയതും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കന്‍േറാണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കന്പനിയുടെ വെബ്സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് പോകുന്നത്. വാര്‍ഡുതല കമ്മറ്റികള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഈ അമേരിക്കന്‍ കന്പനിയുടെ വെബ്സൈറ്റിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്?. ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങള്‍ നിലവില്‍ വാര്‍ഡുതല സമിതികള്‍ വഴിയാണ് നിലവില്‍ സ്പ്രിങ്ക്ളര്‍ എന്ന കന്പനി ശേഖരിക്കുന്നത്.
കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഒൗദ്യോഗിക ചിഹ്നം പോലും ഈ കന്പനി ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്വകാര്യ കന്പനിക്ക് കേരള സര്‍ക്കാരിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ചെന്നിത്തല ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈ ഡേറ്റ വിശകലനം. ഈ ഡേറ്റ വിദേശ കന്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ച് വില്‍ക്കില്ലെന്ന് എന്താണുറപ്പുള്ളതെന്നും ഇന്‍ഷുറന്‍സ് കന്പനികള്‍ക്ക് ഇത് മറിച്ച് വിറ്റാല്‍ കോടികള്‍ ലഭിക്കുമെന്ന് സര്‍ക്കാരിന് അറിയില്ലേ എന്നും ചെന്നിത്തല ചോദിക്കുന്നു.
ലോകത്ത് ഏറ്റവും വിലയുള്ള വസ്തു ഡേറ്റയാണ്. പ്രത്യേകിച്ച് കോവിഡ് പോലെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോൾ . പല രാജ്യങ്ങളും ഈ വിവരശേഖരണം വിലക്കിയിട്ടുണ്ട്. പ്രൊട്ടക്റ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആയി കണക്കാക്കാവുന്ന അതീവ രഹസ്യമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കൈമാറുന്നത്. അവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഏകോപിപ്പിക്കുമെന്നാണ് മനസിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.