തിരുവനന്തപുരം : കോവിഡ്19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ് ഇന്ന് (ഒക്ടോബർ 10) ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. ‘എല്ലാവർക്കും മാനസികാരോഗ്യം, കൂടുതൽ നിക്ഷേപം, കൂടുതൽ പ്രാപ്യം ഏവർക്കും എവിടെയും’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.കോവിഡ് മഹാമാരി എല്ലാ മേഖലകളിലും വെല്ലുവിളിയാകുമ്പോൾ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
ശാരീരിക ആരോഗ്യത്തെ പോലെ മാനസികാരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും കഴിയണം. എല്ലാവർക്കും പൂർണ മാനസികാരോഗ്യം ഉറപ്പുവരുത്താൻ കോവിഡിന്റെ ആരംഭം മുതൽ തന്നെ ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകിയത്. മാനസികാരോഗ്യ പരിചരണത്തിനായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ ഫെബ്രുവരി ആദ്യവാരം മുതൽ നൽകിവരുന്നു. ക്വാറന്റീനിലും ഐസൊലേഷനിലും കഴിഞ്ഞ 14.9 ലക്ഷം പേർക്ക് ഉൾപ്പെടെ 36.46 ലക്ഷം പേർക്കാണ് സേവനം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
സൈക്യാട്രിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവർ ഉൾപ്പെട്ട 1346 മാനസികാരോഗ്യ പ്രവർത്തകർ ജില്ലാ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു. മാനസിക സമ്മർദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്റ്റിഗ്മ, സാമൂഹിക ആവശ്യങ്ങൾ എന്നിവയ്ക്ക് അതാത് പഞ്ചായത്തുകൾ അല്ലെങ്കിൽ ഐസിഡിഎസ് മുഖേന സഹായം നൽകുന്നു. കൂടാതെ ലോക്ക്ഡൗൺ സമയത്ത് മാനസികാരോഗ്യ ചികിത്സയിൽ ഇരിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, അഥിതി തൊഴിലാളികൾ, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾ എന്നിങ്ങനെ 3,48,860 പേർക്ക് ഇത്തരത്തിൽ സൈക്കോ സോഷ്യൽ സപ്പോർട്ട് കോളുകൾ നൽകി.
കോവിഡ് രോഗ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവരുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും ടെലി കൗൺസലിംഗ് നൽകുന്നു. ഇതുവരെ 60,515 ആരോഗ്യ പ്രവർത്തകർക്ക് സേവനം നൽകി. സ്‌കൂൾ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സൈക്കോ സോഷ്യൽ സപ്പോർട്ട്, കൗൺസലിംഗ് കോളുകൾ നൽകുകയും ചെയ്യുന്നു. 3,55,884 കുട്ടികളെ വിളിക്കുകയും 35,523 കുട്ടികൾക്ക് കൗൺസലിംഗ് നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗത്തിനുമായി 36,46,315 സൈക്കോ സോഷ്യൽ സപ്പോർട്ട്, കൗൺസിലിംഗ് സേവനങ്ങളാണ് സംസ്ഥാനമൊട്ടാകെ ഇതുവരെ നൽകിയത്.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കി. 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കുകയും 272 മാനസികാരോഗ്യ ക്ലിനിക്കുകൾ സജ്ജമാക്കുകയും ചെയ്തു. സമ്പൂർണ മാനസികാരോഗ്യ പദ്ധതിയിൻ കീഴിൽ ഇതുവരെ 24,964 പേരെ പുതുതായി കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തന്നെ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുന്നു. പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ 55,339 പേരെ സ്‌ക്രീൻ ചെയ്യുകയും 10,302 പേരെ വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിക്കുകയും ചെയ്തു.
ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പയിൻ ‘ജീവരക്ഷ’ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ആരംഭിച്ചിട്ടുണ്ട്. വിഷമതകൾ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാൻ സാധ്യതയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, ടീച്ചർമാർ, പോലീസുകാർ, ജനപ്രതിനിധികൾ, മതപുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രുഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു.
ആത്മഹത്യ പ്രവണത ഉള്ളവർക്കും ആത്മഹത്യ ശ്രമങ്ങൾ നടത്തുന്നവർക്കും മാനസിക പ്രഥമ ശുശ്രുഷയും, ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ജീവരക്ഷയുടെ ഭാഗമായി ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദിശ 1056 സജ്ജമാക്കിയിട്ടുണ്ട്. മാനസിക വിഷമതകൾ ഉണ്ടെങ്കിൽ ദിശ ടോൾ ഫ്രീ നമ്പറായ 1056 ലേക്ക് വിളിക്കുകയോ, ജില്ലയിലെ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെടുകയോ ചെയ്യണം.