ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയില്‍ ആമസോണ്‍ കമ്പനി ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. ഇന്ത്യയെ അവഹേൡക്കുന്ന വിധത്തില്‍ ത്രിവര്‍ണ പതാകയുള്ള ചവിട്ടിയുടെ വില്‍പ്പന തുടര്‍ന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകള്‍ സര്‍ക്കാര്‍ റദ്ദുചെയ്യുമെന്ന് സുഷമ ട്വീറ്റ് ചെയ്തു. ആമസോണ്‍ ഉടനെ മാപ്പുപറയണം. രാജ്യത്തിന്റെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ പിന്‍വലിക്കണം, ഇത് അനുസരിക്കാതിരുന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് അറിയിക്കുന്നു. നേരത്തേ ഇഷ്യു ചെയ്ത വിസയും റദ്ദാക്കുമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനോട് ആമസോണില്‍ നിന്നും വിശദീകരണം തേടാനും വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചു. കാനഡയില്‍ ആമസോണ്‍ ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടികള്‍ വില്‍ക്കുന്നത് ഒരു ട്വിറ്റര്‍ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നടപടി.