ന്യൂയോര്‍ക്ക് • യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു രാവിലെ നടത്തുന്ന പ്രസംഗത്തില്‍ പാക്കിസ്ഥാനു ചുട്ട മറുപടിതന്നെയാവും നല്‍കുക. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞദിവസം ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന് അന്നുതന്നെ ഇന്ത്യയുടെ യുഎന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ തക്ക മറുപടി നല്‍കിയിരുന്നതാണ്. സുഷമ ശനിയാഴ്ച തന്നെ ഇവിടെ എത്തിയിരുന്നു.
കശ്മീര്‍ പ്രശ്നം മാത്രം ഉയര്‍ത്തി പ്രസംഗിച്ച ഷരീഫ്, ഇന്ത്യ അവിടെ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നായിരുന്നു ആരോപിച്ചത്. പാക്കിസ്ഥാന്‍ കേന്ദ്രമായി നടക്കുന്ന ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ഭീകരത സര്‍ക്കാര്‍ നയമായി സ്വീകരിച്ചു യുദ്ധക്കുറ്റങ്ങള്‍ നടത്തുന്ന ഭീകരരാജ്യമാണു പാക്കിസ്ഥാന്‍ എന്നും ഈനം ഗംഭീര്‍ തിരിച്ചടിച്ചിരുന്നു.ഈ പ്രത്യാക്രമണത്തിന്റെ തുടര്‍ച്ചയായിരിക്കും സുഷമ ഇന്നു നടത്തുകയെന്നാണു സൂചനകള്‍. ഇന്ത്യയ്ക്കും ലോകത്തിനും ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്നെയാണു സമ്മേളനത്തിലെ മുഖ്യ വിഷയം. ഇതോടൊപ്പം യുഎന്‍ രക്ഷാസമിതി പുനഃസംഘടന, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, സമാധാനസേനകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും ഇന്ത്യ മുന്നോട്ടുവയ്ക്കുമെന്നു യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദീന്‍ പറഞ്ഞു.