ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണം : സുഷമ സ്വരാജ്

165

ന്യൂയോര്‍ക്ക്• ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ യുഎന്നില്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങള്‍ക്കു ലോകത്തു സ്ഥാനമുണ്ടാകില്ല- സുഷമ പറഞ്ഞു.കശ്മീര്‍ ഇന്ത്യയുടേതാണ്. കശ്മീര്‍ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയില്‍നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല. കശ്മീര്‍ എന്ന സ്വപ്നം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു.
പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കശ്മീര്‍ പ്രശ്നം മാത്രം ഉയര്‍ത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ വാക്കുകള്‍.ഉറി, പഠാന്‍കോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാന്‍ വിഷയവും സുഷമ യുഎന്നില്‍ ഉന്നയിച്ചു. ഭീകരത മനുഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണ്. ഭീകരവാദത്തിനും ഭീകരര്‍ക്കും സാമ്ബത്തിക സഹായം നല്‍കുന്നത് ആരാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഉന്നയിച്ചതും ഇതേ ചോദ്യമായിരുന്നു. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് ആരാണ്? ഭീകരവാദത്തെ വേരോടെ പിഴുതുകളയണം. മാനവികതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച്‌ പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണം. ഇതിനുള്ള ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുര്‍ അലി.സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലിംഗസമത്വവും അവസരസമത്വവും ഉറപ്പുവരുത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് പ്രസംഗിച്ചപ്പോഴും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടാമെന്നാണ് പറഞ്ഞിരുന്നത്.

NO COMMENTS

LEAVE A REPLY