ദില്ലി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പരക്കുന്ന വാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനവുമായി ഭര്‍ത്താവ് സ്വരാജ് കൗശല്‍. വാര്‍ത്തകള്‍ പരിതി വിടുന്നുവെന്നാണ് സ്വരാജ് പ്രതികരിച്ചത്. സുഷമയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് മാധ്യമങ്ങള്‍ വിശദമായിട്ട് തന്നെ വാര്‍ത്ത നല്‍കുന്നുണ്ട്. ഇങ്ങനെയെങ്കില്‍ ശസ്ത്രക്രകിയയുടെ ലൈവ് സംപ്രേക്ഷണത്തിനായി നിന്ന് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സുഷമ പൊതുപ്രവര്‍ത്തന രംഗത്തുള്ള ആളാണെങ്കിലും സ്വകാര്യത അനുവദിക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഈ ആഴ്ചയാണ് സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിക്ക് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ വ്യക്തിയെക്കുറിച്ച് വിവിധ തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് മിസോറാം ഗവര്‍ണര്‍ കൂടിയായിട്ടുള്ള സ്വരാജ് കൗശല്‍ തന്‍റെ രോഷം പ്രകടിപ്പിച്ചത്. വൃക്ക തകരാറായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത് ദിവസമായി ആശുപത്രിയിലാണ് സുഷമ സ്വരാജ്. ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലാണ് സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്.