ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ കണ്ടുവെന്നും ഫാദര്‍ ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിനുവേണ്ടിസാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് സുഷമാ സ്വരാജ് ട്വീറ്ററിലൂടെ അറിയിച്ചത്. യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് അല്‍ ഖ്വയ്ദ വ്യക്തമാക്കിയിട്ടുണ്ട്.