തിരുവനന്തപുരം: മദ്യപിച്ചു ലക്കുകെട്ടു പോലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടിയ പോലീസുകാരനു സസ്പെന്ഷന്. മംഗലപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ആര്. ബിജുവിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
മദ്യപിച്ചു ലക്കുകെട്ട ബിജു സ്റ്റേഷനില്‍ കിടന്നുരുളുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരെ ചീത്തയും വിളിച്ചു. സഹപ്രവര്‍ത്തകരാണ് ഒടുവില്‍ ബിജുവിനെ ആശുപത്രിയിലാക്കിയത്.
മദ്യപിച്ച അവസ്ഥയില്‍ സ്റ്റേഷനില്‍നിന്നു മടങ്ങുംവഴി വാഹനാപകടമുണ്ടാക്കിയ ബിജുവിനെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചു. ഇതിനുശേഷമായിരുന്നു സ്റ്റേഷനിലെ പ്രകടനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരം പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാനലിന്റെ വിജയം ആഘോഷിക്കാനാണു ബിജു മദ്യപിച്ചെത്തിയത്.