പ്രയാഗ് രാജ്: വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്ബായുള്ള പൂജാ കര്‍മ്മങ്ങള്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേര്‍ന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.
അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള അധിക ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന. തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിന്‍്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.
കുംഭമേളയില്‍ സംഘടിപ്പിച്ച മത പാര്‍ലമെന്റില്‍ വെച്ച് ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യര്‍ ശിലാന്യാസം( ശിലാസ്ഥാപനം) എന്ന ഈ ചടങ്ങിലേക്ക് നാല് ഇഷ്ടിക വീതം എടുത്തു കൊണ്ട് കടന്നുവരാന്‍ ഭാരതത്തിലെ എല്ലാ ഹിന്ദുമത വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുകയാണ് സ്വരൂപാനന്ദ. ആഹ്വാനം എന്നതിലുപരി ഒരു മത ശാസനം എന്ന പേരിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരി പത്തിന് വാസന്ത പഞ്ചമിക്കു ശേഷം പ്രയാഗ് രാജില്‍ നിന്നും സന്യാസിമാരുടെ റാലി അയോധ്യ ലക്ഷ്യമാക്കി പുറപ്പെടുമെന്നും ശങ്കരാചാര്യര്‍ അറിയിച്ചിരിക്കുന്നു. ‘തടുക്കാന്‍ വെടിയുണ്ടകള്‍ വന്നാലും വകവെക്കില്ല ‘ എന്നുവരെ ശങ്കരാചാര്യര്‍ പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.