ഇന്ന് ദേശീയ യുവജന ദിനം അഥവാ സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം

761

“എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ,” ഭാരതം സ്വാമി വിവേകാനന്ദന്‍റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണർന്നതെന്നും, ഇരുമ്പിന്‍റെ മാംസ പേശികളും, ഉരുക്കിന്‍റെ ഞരമ്പുകളും, അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്നുമായിരുന്നു സ്വാമിജി കരുതിയിരുന്നത്. അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ, എന്ന് തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രസംഗത്തിനുടമയുമായ വിവേകാനന്ദൻ. ഭാരതീയ യുവത്വത്തിന് മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല എന്ന കാര്യം ഏവരും ഒരു മനസായി സമ്മതിക്കുന്ന കാര്യമാണ്.

തത്ത്വശാസ്ത്രത്തിന്‍റെ ആധുനിക കാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്ന ശ്രാരാമകൃഷ്ണ പരമഹംസന്‍റെ പ്രധാന ശിഷ്യനും, രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

കൊൽക്കത്തയിലെ ഉത്തരഭാഗത്തെസിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തി ദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മൂന്ന് മക്കൾ നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് ഭാരതത്തിന്‍റെ തലസ്ഥാനം (കൽക്കത്ത) എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്.

ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ നരനുണ്ടായിരുന്നു. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിൻറെ ചരിത്രത്തിൽ പുതിയ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത സ്വാമി വിവേകാനന്ദന്റെ ജന്മദിവസമായ ജനുവരി 12, ദേശീയ യുവജന ദിനമായി ലോകം ആദരിക്കുന്നു.

NO COMMENTS