തിരുവനന്തപുരം: സ്വപ്നയുടെ രഹസ്യമൊഴി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു വെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എന്നാൽ അത് ചീറ്റിപ്പോയിഎന്നും . ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്ബില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യ രാകുകയാണുണ്ടായതെന്നും ദേശാഭിമാനി പത്രത്തില്‍ ‘അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ എ. വിജയരാഘവന്‍ പറഞ്ഞു.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതികരണം. അത്ഭുതമില്ല. തെരഞ്ഞെടുപ്പ് കമീഷനും റിസര്‍വ്ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബി.ജെ.പി വരുതിയിലാക്കിയിട്ടുണ്ട്. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂ എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
നീതിപൂര്‍വകമായി അന്വേഷണം നടത്തി കേസുകള്‍ തെളിയിക്കുന്നതിന് പകരം, ബി.ജെ.പിയുടെ ക്വട്ടേഷന്‍സംഘങ്ങളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വര്‍ണക്കടത്തു കേസില്‍ ഹൈകോടതിയില്‍ മാര്‍ച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമീഷണര്‍ സമര്‍പ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ ഉദാഹരണ ങ്ങളാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായവേദികള്‍പോലും ദുരുപയോഗിക്കാന്‍ കേന്ദ്രഏജന്‍സികള്‍ക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികള്‍ ജനാധിപത്യ ത്തിനുതന്നെ ഭീഷണിയാണ്.
തിരുവനന്തപുരത്തെ പ്രസംഗത്തില്‍ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എന്‍ഐഎയും അന്വേഷിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വര്‍ണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന് എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായില്‍ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുന്നില്ല?
നയതന്ത്ര ബാഗേജ് വഴി 23 തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തിയത്. ഈ സ്വര്‍ണമൊക്കെ ആര് കൊണ്ടുപോയി? ആര്‍ക്കാണ് കിട്ടിയത്? അതൊന്നും അന്വേഷിക്കുന്നില്ല. നയതന്ത്ര ബാഗേജ് വഴി ഇത്രയധികം സ്വര്‍ണം ഇവിടേക്ക് വന്നിട്ടുണ്ടെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം അതിന് കിട്ടിയിട്ടുണ്ടാകും, കസ്റ്റംസുകാരെ പിടിച്ചോയെന്നും വിജയരാഘവന്‍ ചോദിച്ചു.