വെള്ളക്കെട്ടുകളിൽപ്പെടുന്നവരുടെ ജീവൻ സംരക്ഷിക്കുന്നതിനായി പോലീസ് സേനയെ പ്രാപ്തമാക്കാൻ നീന്തൽപരിശീലന കേന്ദ്രം സഹായിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ സജ്ജമാക്കിയ നീന്തൽപരിശീലന കേന്ദ്രത്തിന്റെയും മിയാവാക്കി വനവത്ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സാഹചര്യങ്ങളിൽ ജലാശയങ്ങളിൽപ്പെട്ടുപോകുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനു പുറമെ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ അനായാസം പിടികൂടുന്നതിനും നീന്തൽ പരിശീലന കേന്ദ്രം സഹായകമാകും.
പോലീസ് പരിശീലന കാലയളവിൽ നീന്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർ പരിശീലനം ലഭിക്കാത്തത് പ്രായോഗിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് തടസമാണ്. ഇതിനു പരിഹാരമാകാൻ ഈ സൗകര്യം ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നീന്തൽ ഫലപ്രദമാണ്. നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സഹകരിച്ചുകൊണ്ട് പരിശീലനകേന്ദ്രത്തിനായി പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മിയാവാക്കി മാതൃകയിലുള്ള ബയോ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം എ.എ.പി. കമാൻഡന്റ് ബി. അജിത് കുമാറിനു വൃക്ഷത്തൈ കൈമാറി മുഖ്യമന്ത്രി നിർവഹിച്ചു.
‘ഡോൾഫിൻ സാപ്പ്’ എന്ന പേരിലാണ് എസ്.എ.പി. ക്യാംപിൽ നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നിർമിച്ച പരിശീലനകേന്ദ്രത്തിന് 1.25 കോടി രൂപയാണു ചെലവഴിച്ചത്. കോസ്റ്റ് ഫോർഡിന്റെയും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സിന് കീഴിലുള്ള സ്പോർട്സ് എഞ്ചിനീയറിംഗ് വിങ്ങിന്റെയും സാങ്കേതിക സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥർക്കു നീന്തൽ പരിശീലനം നൽകുന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും പരിശീലന കേന്ദ്രം ഉപയോഗിക്കാനാകും.
എസ്.എ.പി ഗ്രൗണ്ടിന്റെ ഒരു വശത്തായി ബയോഫെൻസിംഗ് മാതൃകയിലാണ് മിയാവാക്കി പദ്ധതി നടപ്പാക്കുന്നത്. ആകെ 250 ചതുരശ്ര മീറ്ററിലാണ് 1200 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് മിയാവാക്കി വനവത്ക്കരണ മാതൃക ആരംഭിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധവായു ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള മികച്ച ഉദ്യമമാണിത്.
പരിശീലന കേന്ദ്രം നിർമിക്കുന്നതിനായി സാങ്കേതിക സഹകരണം നൽകിയ കോസ്റ്റ്ഫോർഡ് ജോയിന്റ് ഡയറക്ടർ പി.ബി. സാജൻ, സ്പോർട്സ് എഞ്ചിനീറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എൻജിനീയർ അൻവർ ഷാ സലിം എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു.
പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, കെ. പത്മകുമാർ, ഡി.ഐ.ജി. രാജ്പാൽ മീണ എന്നിവർ പ്രസംഗിച്ചു.