സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു

174

ദമസ്കസ്: സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ എട്ടു വയസ്സിന് താഴെയുള്ള 11 കുട്ടികളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 300 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നടന്നത് രാസായുധ ആക്രമണമാണെന്ന് മൃതദേഹങ്ങളുടെ അവസ്ഥയിൽ വ്യക്തമാകുന്നതായി സിറിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വായിൽ നിന്ന് നുര പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. 60 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വിമതരുടെ കീഴിലുള്ള ഖാൻ ഷൈകൗൻ പട്ടണത്തിലാണ് ആക്രമണം നടന്നത്. ബാഷർ അസദിൻറെ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. എന്നാൽ തങ്ങളല്ല ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്‍റെ പ്രതികരണം.
2013 ഓഗസ്റ്റിലെ ദമാസ്കസ് ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നു നടന്നത്. ദമാസ്കസ് സമീപം ഗൗതയിൽ നടന്ന രാസായുധ പ്രയോഗത്തിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിനു സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY