തിരുവനന്തപുരം : പദ്ധതികളും സേവനങ്ങളും ഫലപ്രദമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത തൊഴില്‍വകുപ്പു ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി.
വിവിധ തൊഴില്‍ നിയമങ്ങളുടെ എന്‍ഫോഴ്‌സ്‌മെന്റ്, വിവിധ ക്ഷേമപദ്ധതികളുടെ നിര്‍വഹണം മുതലായവ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. സാങ്കേതികത്വത്തിന്റെ പേരില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങളെ ബാധിക്കും. ഫയല്‍ നീക്കത്തിലെ കാലവിളംബം ഒഴിവാക്കാന്‍ ചിട്ടയായ മേല്‍നോട്ടത്തിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തൊഴിലെടുക്കാനെത്തുന്ന അതിഥി തൊഴിലാളികളുടെ കണക്ക് ശേഖരിക്കേണ്ടത് അനിവാര്യമാണ്.അതിഥി (ഇതര സംസ്ഥാന )തൊഴിലാളികള്‍ക്ക് ആനൂകൂല്യമുറപ്പാക്കുന്നതിനുള്ള ആവാസ് പദ്ധതിയില്‍ അവരെ അംഗങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരും അസി.ലേബര്‍ ഓഫീസര്‍മാരും നടപടികള്‍ സ്വീകരിക്കണം. ജില്ലാതലത്തില്‍ ഇതിനായി പദ്ധതി തയാറാക്കി നടപ്പാക്കണം. ആവാസ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയണം.
ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മേല്‍ത്തട്ടില്‍ നിന്നുണ്ടാകണം. അസി. ലേബര്‍ ഓഫീസര്‍മാരുടേതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ റിവ്യു മീറ്റിംഗുകള്‍ കാര്യക്ഷമമായി നടത്തണം. 2017ല്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒക്ടോബര്‍ 15ന് എറണാകുളത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഇതോടൊപ്പം 2018 വര്‍ഷത്തേക്കുള്ള സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികളെടുക്കണം.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്. ഗ്രാറ്റുവിറ്റി , ക്ലയിം പെറ്റിഷന്‍ എന്നീ കാര്യങ്ങളില്‍ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍ അദാലത്തുകള്‍ നടത്തി ആറു മാസത്തിനുള്ളില്‍ പരിഹാരമുറപ്പാക്കണം. തൊഴില്‍ തര്‍ക്ക പരിഹാര നടപടികള്‍ കാര്യക്ഷമമാക്കണം. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവത്തനം നടത്തിയ വകുപ്പിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. യോഗത്തില്‍ അഡീ.ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഡി. ലാല്‍,അഡീ.ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന്‍,തൊഴില്‍ വകുപ്പിലെ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.