ലഹരി മാഫിയയെ തുടച്ചുനീക്കാൻ കർശന നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി

183

കണ്ണൂർ : ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാഞ്ച് രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മദ്യത്തിന്റെയും മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിപദാർഥങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവന്ന് ലഹരിമുക്ത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. നിരോധനമല്ല, മദ്യവർജ്ജനമാണ് സർക്കാരിന്റെ നയം. ‘ജീവിതമാകട്ടെ ലഹരി’ എന്ന സന്ദേശമാണ് സർക്കാർ ഉയർത്തുന്നത്. ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗം. ലഹരിക്കടിമപ്പെട്ടവർ ജീവിതത്തിൽ നിന്ന് പിന്തിരിഞ്ഞുനടക്കുകയാണ്. എത്രയോ യുവാക്കളുടെയും വിദ്യാർഥികളുടെയും ജീവിതം ലഹരിമാഫിയയുടെ വലയിലകപ്പെട്ട് നശിച്ചുപോയിട്ടുണ്ട്. വിദ്യാർഥികളെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുവരെ അമർച്ച ചെയ്യാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും ഇടപെടണം. ലഹരിക്കെതിരായ പ്രചാരണ-ബോധവത്കരണ പ്രവർത്തനങ്ങൾക്കായി വിമുക്തി മിഷന് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശക്തമായ ഇടപെടൽ നടത്തിവരികയാണ്. സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളിൽ ഭൂരിപക്ഷവും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിനുപകരമായി എല്ലാ ജില്ലയിലും എക്‌സൈസ് ടവർ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ ടവർ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.

കണ്ണൂർ ജില്ലയിലെ 17 എക്‌സൈസ് ഓഫീസുകൾക്കും വാടകക്കെട്ടിടമാണുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്റെ തുടക്കമായാണ് കൂത്തുപറമ്പിൽ 1.28 കോടി രൂപ ചെലവിൽ എക്‌സൈസ് കോംപ്ലക്‌സ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസും റെയിഞ്ച് ഓഫീസുമാണ് ഇവിടെ പ്രവർത്തിക്കുക. മട്ടന്നൂർ റെയിഞ്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 1.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തലശ്ശേരി റെയിഞ്ച് ഓഫീസിന് റെയിൽവെസ്‌റ്റേഷനു സമീപം പുതിയ കെട്ടിടം നിർമ്മിക്കും. ജില്ലയിൽ എക്‌സൈസ് ടവറും മറ്റുള്ള എക്‌സൈസ് ഓഫീസ് കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പേരാവൂർ റെയിഞ്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് പേരാവൂർ പഞ്ചായത്തും ആലക്കോട് റെയിഞ്ച് ഓഫീസ് കെട്ടിടത്തിന് ആലക്കോട് പഞ്ചായത്തും സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ എക്‌സൈസ് ഓഫീസുകളുടെയും കെട്ടിടനിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS