ചെന്നൈ: ടി.ടി.വി ദിനകരനെതിരെ ഡല്‍ഹി പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ് . ശശികലയുടെ അനന്തരവന്‍ ശശികലയെയും ദിനകരനെയും എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നീക്കം. അതിനിടെ ദിനകരന്‍ പാര്‍ട്ടി എം.എല്‍.എമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും ബുധനാഴ്ച വൈകീട്ട് മൂന്നിന് യോഗം വിളിച്ചിട്ടുണ്ട്. റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. പാര്‍ട്ടി എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ദിനകരന്‍ അവകാശപ്പെടുന്നത്. ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രശേഖറിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിനകരനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സൂചന. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറും ദിനകരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹവാല സംഘങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ സുകാഷ് ചന്ദ്രശേഖറിനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം ശശികല വിഭാഗത്തിന് ലഭിക്കാന്‍ സുകേഷ് വഴി ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാര്‍ സുകേഷും ദിനകരനും തമ്മില്‍ ഉറപ്പിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.