പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഡിസംബർ 2 ന് ചർച്ച: കൃഷി മന്ത്രി

15

പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമായി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയാണ് നടക്കുക. ഹോർട്ടികൾച്ചർ എം. ഡി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കും. അവിടത്തെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളും പങ്കെടുക്കും. തെങ്കാശിയിൽ ഒരു പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും.

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാടുമായി ചർച്ച നടത്തുന്നത്. ഇതിനുശേഷം ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പുതിയ കർഷക സഹായ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാൻ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാൻ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമ്പോൾ ഗുണമേൻമയുള്ള പച്ചക്കറി ലഭിക്കും.

പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടത്തട്ട് ഒഴിവാക്കി തുടർന്നും പച്ചക്കറി കൊണ്ടുവരും. പച്ചക്കറി വിലക്കയറ്റം കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ കൃഷിയിലേക്ക് ആണ്ടിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. കൃഷി ഒരു ജനകീയ ഉത്‌സവമായി മാറണം. അങ്ങനെ വന്നാൽ കേരളത്തിന് പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാവും.

കർഷകർക്ക് സമൂഹത്തിൽ അന്തസോടെ ജീവിതം നയിക്കാനാവുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകരെ പരമാവധി സഹായിക്കാനാണ് പുതിയ പോർട്ടൽ ആരംഭിച്ചത്. സുരക്ഷാ ഓഡിറ്റിങ് നടത്തി കുറ്റമറ്റ സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

ക്ഷേമബോർഡ് ചെയർമാൻ പി. രാജേന്ദ്രൻ, സി. ഇ. ഒ സുബ്രഹ്‌മണ്യൻ, ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS