ചെന്നൈ • രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നത്. 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. ഏറെ സമയത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത്. ജയകുമാര്‍, കെ.എ. സെങ്കോട്ടയ്യന്‍, എസ്.പി. വേലുമണി, ടി.ടി. ദിനകരന്‍, കെ.പി. അന്‍പഴകന്‍ എന്നിവരും പളനിസാമിക്കൊപ്പമുണ്ടായിരുന്നു. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്. എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചത്.