തിരുവനന്തപുരം• മഴ കനിഞ്ഞില്ലെങ്കില്‍ പറമ്പിക്കുളം-ആളിയാര്‍ വെളളം കേരളത്തിന് നല്‍കാനാവില്ലെന്ന് തമിഴ്നാടിന്റെ മുന്നറിയിപ്പ്. കരാര്‍പ്രകാരമുളള വെളളം കേരളത്തിന് അനുവദിക്കണമെന്നാണ് ചട്ടമെങ്കിലും മഴയില്ലെങ്കില്‍ വരും മാസങ്ങളില്‍ സ്ഥിതി ഗുരുതരമാകും. അനുവദിക്കുന്ന വെളളത്തിന്റെ അളവില്‍ കാര്യമായ കുറവ് വരുത്തേണ്ടിവരുമെന്ന് തമിഴ്നാട് ജലസേചന ഉദ്യോഗസ്ഥര്‍ പറഞ്ഞു.രണ്ടാംവിള നെല്‍കൃഷിയ്ക്ക് തയ്യാറെടുക്കുന്ന പാലക്കാട്ടെ കര്‍ഷകര്‍ക്ക് പറമ്പിക്കുളം വെളളം ആശ്വാസമാകില്ലെന്നാണ് സൂചന. ഇപ്പോള്‍ സെക്കന്റില്‍ 300 ഘനയടി വെളളം തമിഴ്നാട് അനുവദിച്ചെങ്കിലും കണക്കു നിരത്തി വെളളത്തിന്‍റെ അളവില്‍ കുറവു വരുത്തും.
18 ടിഎംസി സംഭരണശേഷിയുളള പറമ്പിക്കുളം അണക്കെട്ടില്‍ നിലവില്‍ 6.8 ടിഎംസി വെളളം മാത്രമേയുളളു. ഇൗമാസം പതിനാറു മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ സെക്കന്‍ഡില്‍ ഇരുന്നൂറു ഘനയടി വെളളം മാത്രമേ അനുവദിക്കൂ. ഇൗ സാഹചര്യത്തില്‍ നവംബര്‍ മുതല്‍ ആളിയാര്‍ വെളളത്തിന്‍റെ കാര്യം പ്രതിസന്ധിയിലാകും. സംയുക്തജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും വെളളത്തില്‍ കാര്യമായ കുറവ് വരുത്തുമെന്നും പറമ്പിക്കുളം പദ്ധതിയിലെ തമിഴ്നാട് ജലസേചന ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രതിദിനം ആയിരം ഘനയടി വെളളം ഒഴുക്കിവിട്ട് പ്രവര്‍ത്തിക്കുന്ന പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. വിഷയം കേരള ജലസേചന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തീരുമാനിച്ചു.