ചെന്നൈ• തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമായതോടെ മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തമിഴ്നാട് വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. ഈ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അപ്പോളോ ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിനടുത്തെ റസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയും പൊലീസ് ഒഴിപ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളോട് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടിയിലായിരുന്ന സ്റ്റാലിന്‍ ചെന്നൈയിലേക്ക് തിരിച്ചു. ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ വസതിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.