ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞടിക്കുകയാണ്. ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത കാറ്റും മഴയും ജനജീവിതം സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതി, റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. ഉച്ചയോടെയാണ് വാര്‍ദാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ തീരമണഞ്ഞതിന് ശേഷം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍ തുടങ്ങിയ കനത്ത മഴയ്ക്കും നേരിയ ശമനമായിട്ടുണ്ട്.