കാസറകോട് ജില്ലാ ജയിലിലെ കപ്പ കൃഷി വിളവെടുപ്പ് നടത്തി

125

കാസറകോട്: ഹരിതകേരളം മിഷന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അര ഏക്കര്‍ സ്ഥലത്ത് നടത്തിയ കപ്പ കൃഷി വിളവെടുത്തു. വിവിധ സാഹചര്യങ്ങളിലുടെ ജയിലില്‍ എത്തിയ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, അവരില്‍ പാരിസ്ഥിതിക ബോധം വളര്‍ത്തിയെടുക്കുക, അന്തേവാസികളില്‍ കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് ജയിലില്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്.

കൃഷിയുടെ വിളവെടുപ്പ് കൃഷി അസി.ഡയറക്ടര്‍ ജി.ബാബുരാജ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, കൃഷി ഓഫീസര്‍ പി മണികണ്ഠന്‍ , ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വിളവെടുത്ത കപ്പ ജയിലിലെ അന്തേവാസികള്‍ക്ക് തന്നെയാണ് നല്‍കുന്നത്.

അസി. സൂപ്രണ്ട് എസ്.സുധ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വി രാജിവന്‍ , അസി. പ്രിസണ്‍ ഓഫീസര്‍മാരായ കെ.ജയകുമാര്‍, കെ വി വിജയന്‍,ടി വി സുമ എന്നിവര്‍ കപ്പ കൃഷിക്ക് നേതൃത്വം നല്‍കി. കപ്പകൃഷി വിജയച്ചതിനാല്‍ കാഞ്ഞങ്ങാട് കൃഷി ഭവന്റെ സഹകരണത്തോടു കൂടി പച്ചക്കറി കൃഷി ആരംഭിക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

NO COMMENTS