തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലക്ഷ്യ മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം നീറമണ്‍കര എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമന്‍സില്‍ മാര്‍ച്ച് 19 ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ – തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് ജോബ് ഫെയര്‍.
70 കമ്പനികളിലായി 4500 ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഞ്ച് ബയോഡാറ്റ കൈയ്യില്‍ കരുതണം. ഒരാള്‍ക്ക് അഞ്ച് അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാന്‍ അവസരമുണ്ട്.
എഞ്ചിനീയറിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ ലൂമിന എസ് അറിയിച്ചു.
മേയര്‍ ആര്യ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, കൗണ്‍സിലര്‍ ആശാനാഥ്, ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, അസിസ്റ്റന്റ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രീത .കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിത്.എസ്, നീറമണ്‍കര എന്‍.എസ്.എസ് കോളേജ് ഫോര്‍ വുമണ്‍ പ്രിന്‍സിപ്പാള്‍ ഡോ.എസ്.ദേവിക തുടങ്ങിയവര്‍ പങ്കെടുക്കും.