ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍പ്പെടാത്തവര്‍ക്ക് 500,1000 നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ രണ്ടര ലക്ഷം രൂപവരെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് അധികൃതര്‍. നോട്ട് കൈമാറ്റത്തിനായി ബാങ്കുകളിലെത്തുന്ന കൃഷിക്കാര്‍, വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് സമാനമായി നികുതി നല്‍കേണ്ടി വരുമെന്നുള്ള പ്രചാരണം ശക്തമാവുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തയിരിക്കുന്നത്. ഡിസംബര്‍ 30 വരെയാണ് ഇങ്ങനെ നോട്ടുകള്‍ ബാങ്കുകളിലോ പോസ്റ്റോഫീസിലോ എത്തി മാറ്റി വാങ്ങാനാവുക.
വര്‍ഷത്തില്‍ ആദായ നികുതി അടക്കേണ്ട ആവശ്യമില്ലാത്ത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കുമ്പോള്‍ അവരുടെ പണത്തിന് തുല്യമായ പണം നികുതി പിടിക്കാതെ തന്നെ അവരുടെ അക്കൗണ്ടിലെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ ഇങ്ങനെയുള്ള നിക്ഷേപകരെയും ആദായനികുതി വകുപ്പ് കൃത്യമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തുക നല്‍കുക. ബാങ്ക് അധികൃതര്‍ക്കോ മറ്റോ ഇടപാടില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
നികുതി പരിധിയില്‍ ഉള്‍പ്പെടാത്ത 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കാനെത്തുന്ന വീട്ടമ്മമാരും കര്‍ഷകരും അടക്കമുള്ളവര്‍ പതിയ തീരുമാനത്തെ പേടിക്കേണ്ടതില്ല. എന്നാല്‍ നികുതി പരിധിയില്‍ ഉള്‍പ്പെടാത്ത ഒരാള്‍ 20 ലക്ഷം രൂപ നിക്ഷേപിക്കാനാണ് എത്തുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും നികുതി അടക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനം കള്ളപ്പണ ഒഴുക്ക് ഒരു പരിധിവരെ തടയുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കും, അതിന് പുറമെ നികുതി ശേഖരണത്തിന് ഏറെ സഹായകരമാവുമെന്നും സാമ്പത്തിക വിധഗ്ധര്‍ വിലയിരുത്തുന്നുണ്ട്. കൂടാതെ ഇത് നാണയപ്പെരുപ്പത്തെയും നികുതി പിരിവിനെയും ഏറെ സ്വാധീനിക്കുമെന്നും വിലയിരുത്തുന്നു. കള്ളപ്പണത്തിന്‍റെയും കള്ളനോട്ടുകളുടെയും വിനിമയം തടയുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്.