കൊച്ചി : നോട്ട് അസാധുവാക്കിയ ശേഷം വന്‍ തോതില്‍ പണം നിക്ഷേപിച്ച സംശയകരമായ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. സംശയകരമായ അക്കൗണ്ടുകളുടെ പട്ടിക കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗത്തിന് പ്രത്യക്ഷ നികുതി ബോര്‍ഡ് കൈമാറി. കറന്‍സി പരിഷ്കരണത്തിനു ശേഷം ഒരു കോടിക്കു മുകളില്‍ നിക്ഷേപങ്ങള്‍ എത്തിയ അക്കൗണ്ടുകളെ കുറിച്ചാണ് അന്വേഷണം. ബിവറേജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ട്. കെ.എസ്.ആര്‍.ടി.സി., പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ ഇടപാടുകളും പരിശോധിക്കും. പരിശോധനയ്ക്കു് വിധേയമാക്കുന്ന അക്കൗണ്ടുകളുടെ എണ്ണത്തെ കുറിച്ചു സൂചനയില്ലെങ്കിലും കൊച്ചിയിലെയും കോഴിക്കോട്ടേയും ചില അക്കൗണ്ടുകളെ കുറിച്ചാണ് വിശദമായ അന്വേഷണം നടക്കുന്നത്. ഇതില്‍ത്തന്നെ കോഴിക്കോട്ടെ 11 അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇതിനു പുറമെ, ഒരു ജന്‍ധന്‍ അക്കൗണ്ടും നിരീക്ഷണത്തിലാണ്. നവംബര്‍ എട്ടിനു ശേഷം വന്‍തോതില്‍ പണം നിക്ഷേപിക്കുന്ന അക്കൗണ്ടുകളെ റിസര്‍വ് ബാങ്ക് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്സ് യൂണിറ്റി(എഫ്.ഐ.യു.)നാണ് ഇതിന്റെ ചുമതല. വിപുലമായ അധികാരമാണ് ഈ യൂണിറ്റിനുള്ളത്. ഇവരാണ് കേരളത്തിലെ സംശയകരമായ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ പ്രത്യക്ഷ നികുതി ബോര്‍ഡിന് കൈമാറിയത്. തുടര്‍ന്ന് ബോര്‍ഡ് കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘത്തിന് ഈ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഒരു കോടിക്കു മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ 2.5 ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകളില്‍ പരിശോധന നടത്തും. വരവില്‍ കവിഞ്ഞ പണമാണെന്നു കണ്ടെത്തിയാല്‍ ഈ തുകയ്ക്ക് പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, കള്ളപ്പണത്തെക്കുറിച്ചുള്ള സ്വാഭാവികമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍(കൊച്ചി) പി.കെ. ദാസ് പറഞ്ഞു.