50,000 ത്തില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ നികുതി വേണമെന്ന് മുഖ്യമന്ത്രിമാരുടെ സമിതി ശുപാര്‍ശ

190

ന്യൂഡല്‍ഹി: 50,000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചാല്‍ നിശ്ചിത തുക നികുതി ഈടാക്കണമെന്ന് മുഖ്യമന്ത്രിമാരുടെ സമിതി പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമിതിയുടെ ശുപാര്‍ശ. എല്ലാത്തരത്തിലുമുള്ള വലിയ ഇടപാടുകള്‍ക്കായി ഒരു പരിധി നിശ്ചയിക്കുമെന്ന് സമിതിയധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. കറന്‍സി ഉപയോഗിച്ചുള്ള വലിയ ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താന്‍ ഇടപാട് ചെലവേറിയതാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള മാര്‍ഗമായാണ് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
ആധാര്‍ നമ്ബറും മൊബൈല്‍ ഫോണ്‍ വഴിയുമുള്ള ഇടപാടുകളും ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണം. കെ.വൈ.സി വ്യവസ്ഥകള്‍ക്കായുള്ള ആദ്യ ചൂണ്ടുപലക ആധാറും ആധാര്‍ നമ്ബറുമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാപാരാവശ്യങ്ങള്‍ക്ക് സ്വൈപ്പിങ് ഉപകരണം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

NO COMMENTS

LEAVE A REPLY