തിരുവനന്തപുരം : തീരദേശ ജനതയെ ചേർത്തു പിടിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്.
മത്സ്യതൊഴിലാളികളുമായി നേരിൽ സംവദിച്ച് അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി. ഈ വർഷം 436.5 കോടി രൂപ മത്സ്യമേഖലയ്ക്ക് സർക്കാർ അനുവദിച്ചു. 7 വർഷം കൊണ്ട് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ തീരദേശത്ത് നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിലെ തീര സദസ്സിൽ 712 അപേക്ഷകളാണ് ആകെ ലഭിച്ചത്. കോളനികളിലെ ഭവന നവീകരണം, ഭവന നിർമാണം, ലൈഫ് മിഷനുമായി ബന്ധപ്പെട്ടവ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, മത്സ്യ തൊഴിലാളികളുടെ ഇൻഷുറൻസ്, ചികിത്സാ സഹായം തുടങ്ങിയ അപേക്ഷകളിൽ ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. പൊഴിക്കരയിൽ 30 വർഷം മുൻപ് നിർമിച്ച 58 വീടുകൾ നവീകരിക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ പദ്ധതി ഈ മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ 65 അപേക്ഷകൾ ലഭിച്ചു. ശേഷിക്കുന്ന വീട് അറ്റകുറ്റപ്പണിക്ക് 94 അപേക്ഷകൾ ലഭിച്ചു. പട്ടയം ലഭിക്കാനുള്ള 68 അപേക്ഷകൾ ലഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയുള്ള വിവിധ ധനസഹായങ്ങളിലെ കാലതാമസവും അംഗത്വം ലഭിക്കുന്ന സംബന്ധിച്ചും 70 അപേക്ഷകളാണ് ലഭിച്ചത്. വിവിധ ധനസഹായങ്ങൾക്കുള്ള നടപടി സ്വീകരിച്ചു.
കടൽഭിത്തി സംബന്ധിച്ച് 61 ഉം കടൽക്ഷോഭത്തിൽ നശിച്ച വീടുകൾ, മത്സ്യബന്ധന ഉപകരണങ്ങളുടെ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് 52 പരാതികൾ ലഭിച്ചതിൽ തുടർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. സാഫ് ധനസഹായത്തിനായി 27 അപേക്ഷകൾ ലഭിച്ചു. അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനം ഉണ്ടാക്കും.
വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷ നൽകിയ 10 കുട്ടികൾക്കും സ്കോളർഷിപ്പ് നൽകുമെന്ന് ഉറപ്പു നൽകി. ബീമാ പള്ളിയിൽ 20 ഫ്ളാറ്റുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടപ്പിലാക്കും. കോസ്റ്റൽ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. വിവിധ ധനസഹായ അപേക്ഷകളിലായി ആകെ 9,89,625 രൂപ വിതരണം ചെയ്തു.
കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന തീരസദസ്സിൽ ആകെ 153 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 എണ്ണം പട്ടയത്തിനുള്ള അപേക്ഷയാണ്. ലൈഫ് പദ്ധതിയിൽ നാലും ക്ഷേമനിധി ധനസഹായത്തിന് എഴും അപേക്ഷകൾ ലഭിച്ചു. പുനർഗേഹം പദ്ധതിയിൽ ലഭിച്ച 18 അപേക്ഷകളിലും ഉചിതമായ തീരുമാനം കൈക്കൊള്ളും. ലഭിച്ച അപേക്ഷകളിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടവ 116 എണ്ണമാണ്.
വലിയതുറ ജി. ആർ.എഫ്.ടി.എച്ച്.എസ്സിലും പള്ളിത്തുറ കമ്മ്യൂണിറ്റി ഹാളിലുമായി നടന്ന തീര സദസ്സുകളിൽ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ അധ്യക്ഷരായി. ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.