സാങ്കേതികവിദ്യയുടെ വികാസമായാലും പുതിയ കണ്ടുപിടുത്തങ്ങളായാലും എല്ലാം സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. നിർമ്മിതബുദ്ധി ജീവിതം കൂടുതൽ ആയാസരഹിതവും ലളിതവുമാക്കുന്നുവെങ്കിൽപോലും അത് സമൂഹത്തോട് നീതിപൂർവ്വകവും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഉപഭോക്താക്കൾക്കു വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി’ എന്നതാണ് ഈ വർഷത്തെ ഉപഭോക്തൃ അവകാശ ദിനത്തിന്റെ ആശയം.
നിർമ്മിത ബുദ്ധി എന്ന മേഖല അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. വ്യാവസായികം, സാമ്പത്തികം എന്നുവേണ്ട എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധിയുടെ പ്രയോഗം വ്യാപകമാവുയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി ഉത്തരവാദിത്തമുള്ളതും നീതിപൂർവ്വകവുമായ നിർമ്മിതബുദ്ധി എന്ന ആശയത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വമുള്ളതും നീതിപൂർവ്വകവുമായ നിർമ്മിതബുദ്ധി എന്നത് ഒരു സ്വപ്നമല്ല മറിച്ച് ഓരോ ഉപഭോക്താവിന്റെയും ന്യായമായ ആവശ്യമാണ്. ഭരണനിർവ്വഹണത്തിലും ജനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും മറ്റും നിർമ്മിത ബുദ്ധി ഉപയോഗിക്കുമ്പോൾ മറ്റേത് സംവിധാനവും പോലെ തന്നെ സുതാര്യതയും പക്ഷപാതരാഹിത്യവും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും പരിഗണന കൊടുക്കുകയും വേണം. പ്രയോജനകരമായ നിരവധി വശങ്ങളുണ്ടെങ്കിലും ഡാറ്റാ സ്വകാര്യതമാനിക്കാതെയുള്ള നിരവധി പ്രവർത്തനങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൈബർ ലോകത്ത് ഇന്ന് നടക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അഭിലഷണീയമല്ല. ഡാറ്റാ സ്വകാര്യത മാനിക്കാതെയുള്ള ഇത്തരം നടപടികൾക്ക് വ്യാപാരസമൂഹം സ്വയംനിന്ത്രണം ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നാളത്തെ ലോകം നിർമ്മിതബുദ്ധിയുടേതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിർമ്മിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് പലതരത്തിലും ദോഷകരമാണ്. നിർമ്മിതബുദ്ധിയുടെ നീതിപൂർവ്വകവും ഉത്തരവാദിത്വത്തോടെയുമുള്ള ഉപയോഗത്തിലൂടെ മാത്രമേ ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹം പടുത്തുയർത്തുന്നതിനും സാധിക്കൂ. ഇതിനായി ഒറ്റക്കെട്ടായുള്ള പ്രയത്‌നം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ‘നിർമ്മിതബുദ്ധിയും ഉപഭോക്തൃസംസ്‌കാരവും’ എന്ന വിഷയത്തിൽ ഡോ. തോമസ് ജോസഫ് തൂങ്കുഴി പ്രഭാഷണം നടത്തി. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു, ലീഗൽ മോട്രോളജി വകുപ്പ് അഡീഷണൽ കൺട്രോളർ റീന ഗോപാൽ ആർ., സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സെക്രട്ടറിയും രജിസ്ട്രാറുമായ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.