ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തി ലക്ഷ്യമിടുന്നു

205

ന്യൂഡല്‍ഹി• നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ മറ്റു വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നേപ്പാളിനെയാണു ഭീകരര്‍ നോട്ടമിട്ടിരിക്കുന്നത്. നേപ്പാളിലൂടെ ഇന്ത്യയിലേക്കു കടക്കാനുള്ള പദ്ധതികള്‍ ഭീകരര്‍ തയറാക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണു സൂചന.
ഇന്റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണു വിവരം.
കൂടുതല്‍ സുരക്ഷാസേനയെ അതിര്‍ത്തിയില്‍ വിന്യസിക്കാനും ഭീകരര്‍ കടന്നുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എത്രയും വേഗം കണ്ടെത്താനും ആഭ്യന്തരമന്ത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ ചരക്ക്, ഗതാഗതം എന്നിവയ്ക്കു മാത്രമായി ഒന്നോ രണ്ടോ ചെക്പോയിന്റുകള്‍ ഒഴിച്ചു ബാക്കിയുള്ളവ പൂര്‍ണമായി അടയ്ക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും രാജ്നാഥ് സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കു നേപ്പാളില്‍ ശക്തമായ കണ്ണികളുണ്ട്. ഇതാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തുന്നത്. അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രത്തിനു പാക്ക് ഭീകരര്‍ തിരിച്ചടി നല്‍കാന്‍ തയാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു സംസ്ഥാന പൊലീസിനും ദേശീയ സുരക്ഷാ സേനയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY