കാബുള്‍• അഫ്ഗാനിസ്ഥാനിലെ ഗോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് കോയിലും ഭീകരാക്രമണം. ഇടയന്‍മാരുള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ അവരില്‍ കുട്ടികളടക്കം 30 പേരെ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐസ് ബന്ധമുള്ള ഭീകരരാണു കൃത്യത്തിനു പിന്നിലെന്നു സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം സുരക്ഷാസേന പ്രാദേശിക ഐഎസ് കമാന്‍ഡറെ വധിച്ചതിനുള്ള പ്രതികാരമായിരിക്കാം ഭീകരാക്രമണമെന്നു ഗോര്‍ പ്രവിശ്യാ ഗവര്‍ണര്‍ നസീര്‍ ഖാസെ പറഞ്ഞു. ഐഎസിന്റെ ശക്തികേന്ദ്രമായ കിഴക്കന്‍ പ്രവിശ്യയിലെ നംഗര്‍ഹാറില്‍ നിന്ന് അവരുടെ സ്വാധീനം മധ്യ അഫ്ഗാനിലെ നഗരങ്ങളിലേക്കു വ്യാപിക്കുന്നതിന്‍റെ സൂചനയാണ് ആക്രമണമെന്നു കരുതുന്നു.