കൊച്ചി: കേരളത്തിൽ പുതുവത്സര ദിനത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഐഎസുമായി ബന്ധമുള്ള മലയാളികളാണ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്നാണ് വിവരം.
ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ പങ്കുണ്ടൈന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട ചുള്ളിയാർമേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കറിൽ (25) നിന്നാണ് കേരളത്തിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്.
വിദേശികൾ കൂടുതലുള്ള ഇടങ്ങൾ തിരഞ്ഞെടുത്ത് അവിടെ സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇതിനായി റിയാസിനോട് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെയുള്ളവ ശേഖരിക്കാൻ നിർദേശവും നൽകിയിരുന്നു. എന്നാൽ കൂട്ടത്തിൽപ്പെട്ട ചിലർ ഇതിനെ എതിർത്തതിനെ തുടർന്ന് പദ്ധതി നടപ്പിലാക്കാനാവാതെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് വിവരം.
തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ ഐഎസിന്റെ ആശയങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകളും ഇയാളിൽനിന്ന് എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഐഎസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷിദുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളെ ചൊവ്വാഴ്ച എൻഐഎ കോടതിയിൽ ഹാജരാക്കും.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത കാസർകോട് വിദ്യാനഗർ സ്വദേശി അബൂബക്കർ സിദ്ദിഖ് (25), കുഡ്ലു കാളംകാവിലെ അഹമ്മദ് അറാഫത്ത് (23) എന്നിവരെയും എൻ.ഐ.എ. വിശദമായി ചോദ്യം ചെയ്തിരുന്നു.
ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് എൻഐഎയുടെ അന്വേഷണം. ശ്രീലങ്കൻ ഏജൻസിക്കുലഭിക്കുന്ന വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നുണ്ട്. കസ്റ്റഡിയിലുള്ളവരുടെ വീടുകളിലും താവളങ്ങളിലും കണ്ടെത്തിയ ഡിജിറ്റൽ ഉപകരണങ്ങൾ, സി.ഡി.കൾ, പുസ്തകങ്ങൾ എന്നിവയെ മുൻനിർത്തിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.