തലയോലപ്പറമ്പ് : തലയോലപ്പറന്പ് മാത്യു കൊലക്കേസില്‍ കൊല്ലപ്പെട്ട മാത്യുവിന്‍റേതെന്ന് സംശയിക്കുന്ന കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തി. തുടയെല്ലിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇത് മാത്യുവിന്‍റേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
ഇന്നലെത്തെ പരിശോധനയില്‍ കയ്യുടെയും കാലിന്‍റെയും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. ഇന്നും പരിശോധന തുടരുകയാണ്. ഇതിനിടെ, മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം നെഞ്ചിന്‍റെ ഭാഗം പുഴയില്‍ ഒഴുക്കിയതായുള്ള പ്രതി അനീഷിന്‍റെ മൊഴി പുറത്തു വന്നിരുന്നു. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പ്രതി മൊഴി നല്‍കിയ കെട്ടിടത്തിന്‍റെ തറ ഇളക്കി നടത്തിയ തെരച്ചിലില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കെട്ടിടത്തിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് നീക്കിയപ്പോഴാണ് കാലിന്‍റേതെന്ന് സംശയിക്കുന്ന അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് മാത്യുവിന്‍റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനായി വിദഗ്ധ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു. 2008 ല്‍ കാണാതായ മാത്യുവിനെ കൊലപ്പെടുത്തിയത് തന്‍റെ മകനാണെന്ന് അനീഷിന്‍റെ പിതാവാണ് അടുത്തിടെ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മാത്യുവിന്‍റെ മകള്‍ നൈസി നല്‍കിയ പരാതിയെ തുടര്‍ന്ന് അനീഷിനെ പോലീസ് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.