താമരശ്ശേരി ചുരം – താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനടുത്ത് സംരക്ഷണഭിത്തി വേഗം നിര്‍മ്മിക്കണമെന്ന് ജില്ലാ വികസന സമിതി തീരുമാനം. വളവിനു സമീപം മണ്ണിടിഞ്ഞ് സുരക്ഷാഭീഷണി ഉണ്ടെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതിനായി ഏകദേശം അഞ്ചു സെന്റോളം വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാനും ദുരന്തനിവാരണ നിയമ പ്രകാരം സംരക്ഷണഭിത്തി കെട്ടാനും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ നേരത്തെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും അനധികൃതമായി നടത്തിയിരുന്ന പെട്ടിക്കടകള്‍ മാറ്റാന്‍ ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ നെല്‍കൃഷി കൂടുതല്‍ പ്രദേശത്ത് വ്യാപിപ്പിക്കാനുള്ള നടപടികളെടുക്കാന്‍ കൃഷിവകുപ്പിനെ യോഗം ചുമതലപ്പെടുത്തി. തരിശുഭൂമി നെല്‍കൃഷിക്ക് ഉപയുക്തമാക്കുന്നതിനും, പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും ജില്ലാതലത്തില്‍ ഒരു കാര്‍ഷിക പദ്ധതി രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വടകര നഗരസഭയുടെ കീഴിലുള്ള തരിശായി കിടക്കുന്ന ഭൂമിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ കൃഷിയിറക്കിയ മാതൃക സി കെ നാണു എംഎല്‍എ ചൂണ്ടിക്കാട്ടി.
പേരാമ്പ്രയില്‍ നാലു പാടശേഖര സമിതികളുടെ നേതൃത്വത്തില്‍194 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തു 16 ലക്ഷം രൂപ നഷ്ടം വന്നെങ്കിലും ഇന്‍ഷുറന്‍സ് തുകയും ആനുകൂല്യങ്ങളും സാങ്കേതിക തടസ്സം മൂലം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കെ ദാസന്‍ എം എല്‍ എ യോഗത്തില്‍ പറഞ്ഞു. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയും ആനുകൂല്യങ്ങളും നല്‍കാനായി നടപടികളെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തിരുവമ്പാടി, മാവൂര്‍ പ്രദേശങ്ങളില്‍ നെല്‍കൃഷിക്ക് അനുയോജ്യമായ ഭൂമിയുണ്ടെന്നും ഇവ നെല്‍പ്പാടം ആക്കി മാറ്റുന്നതിന് പദ്ധതി ഉണ്ടാക്കണമെന്നും എംഎല്‍എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മാവൂര്‍ ചെറുപ്പ അരീക്കുഴിയില്‍ മണ്ണിടിഞ്ഞ് വീണതിനു സമീപമുള്ള, മുഹമ്മദ് എന്ന വ്യക്തിയുടെ വീട് താമസയോഗൃമല്ലെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. വീട് നിര്‍മ്മിക്കാന്‍ ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിലും, മണ്ണെടുത്ത് മാറ്റാത്തതിനാല്‍ വീട് നിര്‍മ്മിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് പി ടി എ റഹീം എംഎല്‍എ അറിയിച്ചു. സ്ഥലം താമസയോഗ്യമല്ലാത്തതിനാല്‍ മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മടപ്പള്ളി, കോടഞ്ചേരി സര്‍ക്കാര്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് സി.കെ നാണു എം എല്‍ എയും ജോര്‍ജ് എം. തോമസ് എം എല്‍ എയും യോഗത്തില്‍ ആവശ്യ പ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരാന്‍ തീരുമാനിച്ചു.
ബാലുശ്ശേരി ബസ് സ്റ്റാന്റ് നിര്‍മാണം വേഗത്തിലാക്കണമെന്ന് പുരുഷന്‍ കടലുണ്ടി എം എല്‍ എ പറഞ്ഞു. നിര്‍മാണ പ്രവൃത്തി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ബാലുശ്ശേരി ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട നടപടികളും വേഗത്തിലാക്കണമെന്ന് എം എല്‍ എ പറഞ്ഞു.
ഓമശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് മണ്ണെടുത്ത്, ഭൂമി ലെവല്‍ ചെയ്യുന്ന പ്രവൃത്തി സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി കിടക്കുകയാണെന്ന് കാരാട്ട് റസാക്ക് എംഎല്‍എ പറഞ്ഞു. തടസ്സങ്ങള്‍ നീക്കി പ്രവ്യത്തി വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തീരദേശ പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് കരിഞ്ചോലമലയില്‍ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തണമെന്ന് എല്‍ എസ് ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഇതേക്കുറിച്ച് പഠനം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മണ്ണ് സംരക്ഷണ വിഭാഗം, എല്‍എസ്ജിഡിഎന്‍ജിനീയര്‍, ജിയോളജിസ്റ്റ് എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചു. ഇവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ യോഗം തീരുമാനിച്ചു.
കുറ്റ്യാടി പക്രംതളം ചുരം റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതിന് റീബില്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തോണിക്കടവ് ടൂറിസം പദ്ധതി ഒക്ടോബര്‍ പകുതിയോടെ പണി പൂര്‍ത്തിയാക്കി ആരംഭിക്കുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചേറോട്, മൂരാട് പാലങ്ങളിലെ കുഴികള്‍ മൂലം അപകട മുണ്ടാകുന്നുവെന്ന് സി.കെ.നാണു എം.എല്‍.എ പറഞ്ഞു. ജില്ലയിലെ റോഡുകളിലെ കുഴികള്‍ ഉടനെ നികത്തണം എന്ന് ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ജില്ലയില്‍ ഇനിയും വൈദ്യുതി. ലഭിക്കാത്ത പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേഗത്തില്‍ വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
താമരശ്ശേരി ദേശീയ പാതയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതായി കാരാട്ട് റസാഖ് എംഎല്‍എ കഴിഞ്ഞ ചില വികസന സമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
എം എല്‍ എ മാരായ ജോര്‍ജ് എം തോമസ്, പിടിഎ റഹീം, കെ ദാസന്‍, കാരാട്ട് റസാഖ്, സി കെ നാണു, പുരുഷന്‍ കടലുണ്ടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,ജില്ലാ പ്‌ളാനിങ് ഓഫീസര്‍ എം എ ഷീല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ പളാനിംഗ് ഓഫീസര്‍ക്ക് യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉപഹാരം നല്കി.