പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; തമ്പാനൂര്‍ രവി

202

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 3861 കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും ഒത്തുകളിയുടെ ഫലമാണ് ഇവര്‍ പുറത്തായതെന്നും. പി.എസ്.സി ലിസ്റ്റിലുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അവരെ നിയമിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ ഇതുപോലൊരു സ്ഥിതിവിശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും . പി.എസ്.സിക്കാരെ നിയമിക്കാന്‍ ആവശ്യമായതിലധികം ഒഴിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു .

ഇതില്‍ നിന്നും സര്‍ക്കാരിന്റേയും മനേജ്‌മെന്റിന്റേയും ഗൂഢാലോചന പൊതുജനങ്ങള്‍ക്ക് മനസിലായി. കണ്ടക്ടര്‍മാരുടെ അഭാവത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിദിനം 700 ലധികം സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഇതുവഴി കോടികണക്കിന് രൂപയുടെ നഷ്ടം കെ.എസ്.ആര്‍.സിക്കുണ്ട്. താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്താന്‍ ഈ സര്‍വീസുകള്‍ പുനസ്ഥാപിച്ചാല്‍ മതിയാകും. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലായെന്നത് പ്രതിഷേധാര്‍ഹമാണ്.

പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ച സാഹചര്യത്തില്‍ പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്നതില്‍ തടസ്സമില്ല.സര്‍ക്കാരിനെതിരെ സമരം ചെയ്‌തെന്ന ഒറ്റക്കാരണത്താലാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടവരുടെ കാര്യത്തില്‍ അലംഭാവം കാട്ടുന്നതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സമരപരമ്പരകള്‍ നടത്തിയവര്‍ ഭരണപക്ഷത്തെത്തിയപ്പോള്‍ അവയെല്ലാം വിസ്മരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 20235 പേരെ പി.എസ്.സി വഴി നിയമിച്ചുവെന്നും . പത്തുവര്‍ഷം കാലാവധി തികച്ച 4000 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടിസിയില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തതായും പറയുന്നു.. അന്ന് അഞ്ച് വര്‍ഷം തികച്ചവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ ഇടതുനേതാക്കളാണ് ഭരണത്തിലെത്തിയപ്പോള്‍ ദീര്‍ഘവര്‍ഷം സര്‍വീസുള്ളവരെ പിച്ചുവിട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നും തമ്പാനൂര്‍ രവി പരിഹസിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ 40000 ജീവനക്കാരില്‍ 8821 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്.3861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ പി.എസ്.സിവഴി 1471 പേരെമാത്രമാണ് നിയമിച്ചത്.
വിവിധ തസ്തികളില്‍ താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനാലാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സുഗമായി മുന്നോട്ട് പോകുന്നത്. സര്‍ക്കാരിനെതിരെ സമരം ചെയ്‌തെന്ന രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്ന താല്‍ക്കാലിക കണ്ടക്ടര്‍മാരെ മാനുഷിക പരിഗണനയുടെ പേരിലെങ്കിലും തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

NO COMMENTS