ഭൂമിയിലെ ദൈവങ്ങള്‍ക്ക് ശംസുദ്ധീന്റെ ഹൃദയത്തില്‍തൊട്ട നന്ദി….

91

കാസറകോട് : കൊവിഡ് -19 രോഗത്താല്‍ മനസ്സില്‍ ഭയത്തിന്റെ കാര്‍മേഘങ്ങള്‍ അസ്വസ്ഥതയായി പെയ്യാന്‍ തുടങ്ങിയപ്പോള്‍, സാന്ത്വനത്തിന്റെയും പരിചരണത്തിന്റെയും സ്‌നേഹം വലയം തീര്‍ത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും ഷംഷുദ്ദീന്റെ ജീവിതം എന്നും കടപ്പെട്ടിരിക്കും.

കൊവിഡ്-19 രോഗവിമുക്തനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് ചെമ്മനാട് കീഴൂരിലെ വീട്ടിലെത്തിയ ശംസുദ്ധീന് തന്നെ പരിചരിച്ച ആശുപത്രി ജീവനക്കാരെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ‘ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടര്‍മാരും നേഴ്‌സുമാരും .സ്വന്തം ജീവിതം പണയപ്പെടുത്തി ഈ ദുര്‍ഘടഘട്ടത്തില്‍ രോഗികളെ പരിചരിക്കുന്ന ഇവരെ ദൈവങ്ങള്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും’ ശംസുദ്ധീന്‍ ചോദിക്കുന്നു.

32 കാരനായ പി എച്ച് ശംസുദ്ധീന്‍ മാര്‍ച്ച് 19 ന് ആണ് ഗള്‍ഫിലെ നൈഫ് മേഖലയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവ ളത്തില്‍ വന്നിറങ്ങിയത്. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് ശംസുദ്ധീന്‍ കോഴിക്കോട് നിന്നും കാറില്‍ കീഴൂരിലെ വീട്ടില്‍ എത്തി.അടുത്ത ദിവസം തന്നെ സ്വമേധയാ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിക്കുക്കുകയും സ്രവം പരിശോധനയ്ക്ക് നല്‍കുകയും ചെയ്തു. മാര്‍ച്ച് 22 ന് ഫലം വന്നപ്പോള്‍ പോസറ്റീവ് ആയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയുടെ ഭാഗമായി മാര്‍ച്ച് 26 ന് ശംസുദ്ധീനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന സമയത്ത് മനസ്സില്‍ നല്ല ഭയവും ആശങ്കയും ഉണ്ടായിരുന്നു.പക്ഷേ ആശുപത്രി ജീവനക്കാരുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും സാമീപ്യവും ഈ ദുര്‍ഘടഘട്ടത്തെ കടക്കാന്‍ സഹായിച്ചുവെന്ന് ശംസുദ്ധീന്‍ പറയുന്നു. കീഴൂരിലെ വീട്ടില്‍ ഉമ്മയും ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകളും സഹോദരനുമാണ് ഉള്ളത്.

ശംസുദ്ധീന് ഇനി 14 ദിവസം റൂം ക്വാറന്റൈയിന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.ഇന്നലെ(ഏപ്രില്‍ 11) ശംസുദ്ധീന്‍ അടക്കം 11 പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് കോവിഡ് രോഗവിമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

NO COMMENTS