തിരുവനന്തപുരം : എഴുത്തുകാരനും പ്രഭാഷകനും എം.പിയുമായ ശശിതരൂരിന്റെ പുസ്തക പ്രേമത്തിന് അനന്തപുരിയിലെ സാഹിത്യകാരന്‍മാരുടെ പുസ്തകാര്‍ച്ചന. ഇന്ദിരാഭവനില്‍ കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ പുറത്തിറക്കിയ പത്തു പ്രസിദ്ധീകരണങ്ങളുടെ പ്രകാശന ചടങ്ങുകള്‍ക്കിടയിലാണ് 72 സഹിത്യകാരന്‍മാര്‍ അവരുടെ സൃഷ്ടികള്‍ തരൂരിന് സമ്മാനിച്ചത്. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ തരൂര്‍ തനിക്ക് കിട്ടിയ പുസ്തക സമാഹാരങ്ങളെ ആവേശത്തോടെ കൈകളിലേക്ക് ഒതുക്കി.ഇടയക്ക് പ്രവര്‍ത്തകരില്‍ ചിലര്‍ തരൂരിന്റെ ലഭിച്ച പുസ്തകങ്ങള്‍ വാഹനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും സ്നേഹപൂര്‍വം നിരസിച്ചുകൊണ്ട് തരൂര് തന്നെ അവയെല്ലാം ചുമന്ന് വാഹനത്തിലേക്ക് മാറ്റി. വാഹനത്തില്‍ കയറിയ അദ്ദേഹം പ്രിയദര്‍ശിനി സെക്രട്ടറി ഡോ.എം.ആര്‍.തമ്പാനെ വിളിച്ചിട്ടായി പറഞ്ഞു, ‘ വീട്ടിലേക്ക് അമ്മവരുന്നുണ്ട്. അമ്മ ഈ പുസ്തകങ്ങള്‍ എല്ലാം വായിക്കുകയും നിരൂപണം നടത്തുകയും ചെയ്യും. കൂടാതെ ഞാന്‍ ഒരു ലൈബ്രറി തുടങ്ങുന്നുണ്ട്. അവിടെ ഈ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിക്കാനായി സൂക്ഷിക്കും’ എന്ന ഉറപ്പും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.