സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരം- മുഖ്യമന്ത്രി പിണറായി വിജയൻ

101

തിരുവനന്തപുരം : ഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് സെക്രട്ടേറി യറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 150-ാം വർഷത്തിൽ ജനക്ഷേമത്തിനും വികസനത്തിനു മായുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുത്തു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സാമൂഹ്യമാറ്റങ്ങൾക്ക് ചാലുകീറിയ തീരുമാനങ്ങൾ ഈ മന്ദിരത്തിലുണ്ടായി. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നട്ടെല്ലുയർത്തി ശിരസ്സുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ ഒട്ടേറെ തീരുമാനങ്ങളായിരുന്നു അവ. രാജഭരണം അവസാനിച്ച് ജനാധിപത്യം വന്നു, ബ്രിട്ടീഷ് രാജ് അവസാനിച്ച് സ്വതന്ത്ര റിപ്പബ്ളിക് ആയി, ശംഖ് അടയാളമുള്ള കൊടി താഴ്ന്ന് ത്രിവർണ്ണ പതാകയുയർന്നു. തിരുവിതാംകൂറും, കൊച്ചിയും, മലബാറും ഒന്നിച്ച് ഐക്യകേരളം പിറന്നു. ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റ് സർക്കാർ ബാലറ്റിലൂടെ അധികാരത്തിലെത്തി. ഈ ഘട്ടത്തിലൊക്കെ ചരിത്രസാക്ഷിയായി ഈ മന്ദിരം തലയുയർത്തിനിന്നു. ഒരു കാലത്ത് തിരുവിതാംകൂറിന്റെ പ്രതീകമായിരുന്ന മന്ദിരം പിന്നീട് കേരളത്തിന്റെ പ്രതീകമായി.

എല്ലാ അർഥത്തിലും പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന കാലസാക്ഷിയാണ് സെക്രട്ടേറിയറ്റ്. മഹാരാജാക്കൻമാരുടെ ദർബാറുകൾക്കും ബ്രിട്ടീഷ് വൈസ്രോയിമാർ മുതൽ ഗവർണർ ജനറൽ വരെയുള്ള അധികാരാരോഹണങ്ങൾക്കും റീജൻറ് മഹാറാണിമാരുടെയും മഹാരാജാക്കൻമാരുടെയും ജനാധിപത്യ മന്ത്രിസഭകളുടെ ഭരണത്തിനും സാക്ഷ്യം വഹിച്ചു.

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികവും, ഗാന്ധിജിയുടെ 150-ാം ജൻമവാർഷികവും ഒരേവർഷമാണ് വരുന്നത്. ഗാന്ധിജി ജനിച്ച വർഷം പ്രവർത്തനം തുടങ്ങിയ ഈ മന്ദിരത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കയിൽ വെച്ച് ഇന്ത്യൻ ഒപ്പീനിയനിൽ എഴുതിയ ലേഖനത്തിൽ പരാമർശിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിന്റെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ കേരള അഡ്മിനിട്രേറ്റീവ് സർവീസിന്റെ വിജ്ഞാപനം വന്നതും ചരിത്രപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചരിത്രജാലകം ചരിത്ര ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

എല്ലാനിലയിലും ചരിത്രത്തിന്റെ ഭാഗമാണ് സെക്രട്ടേറിയറ്റ് മന്ദിരമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖം, പുരാരേഖാ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ആർക്കൈവ്സ് വകുപ്പിന്റെ പുരാരേഖാ പ്രദർശനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

വി.എസ്. ശിവകുമാർ എം.എൽ.എ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും പൊതുഭരണവകുപ്പ് ജോയിൻറ് സെക്രട്ടറി പി. ഹണി നന്ദിയും പറഞ്ഞു. തുടർന്ന് കൊച്ചിൻ കലാഭവൻ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

NO COMMENTS