കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 19-ാമത്തെ വീട് കൈമാറി. ഇതോടെ പ്രളയാനന്തരം ചേരാനല്ലൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ അവസാനത്തെ കുടുംബവും പുതിയ ഭവനത്തിലേക്ക് മാറി. ഹൈബി ഈഡൻ എം പി യും ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ രാമൻകുട്ടി, കോർഡിനേറ്റർ ജി.കെ പിള്ളയും ചേർന്ന് താക്കോൽ ദാനം നടത്തി.
ചേരാനല്ലൂർ പഞ്ചായത്തിലെ 12-ാംവാർഡിൽ സുശീല കാർത്തികേയന്റെ ഭവനമാണ് നിർമ്മിച്ച് നൽകിയത്. ഭാരതീയ വിദ്യാഭവനാണ് ഈ വീടിന്റെ സ്പോൺസർ.
പ്രളയത്തിൽ ഇവരുടെ പൂർണ്ണമായും തകന്ന് വാസയോഗ്യമല്ലാതായി ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ സജ്ജമാക്കിയിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്നുമാണ് സുശീലയും കുടുംബവും പുതിയ വീട്ടിലേക്കെത്തുന്നത്.
520 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് കിടപ്പു മുറികളും അടുക്കളയും സ്വീകരണ മുറിയും ശുചിമുറിയും അടങ്ങിയതാണ് പുതിയ ഭവനം.
തണൽ ഭവന പദ്ധതിയുടെ ഭാഗമായി ഇതിനകം 34 വീടുകൾക്ക് തറക്കല്ലിട്ടതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, മെമ്പർ ഷീബ കെ.പി തുടങ്ങിയവർ പങ്കെടുത്തു.