ദില്ലി: കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുപാര്‍ട്ടികളും ഒന്നിച്ചിരിക്കുകയാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രതിപക്ഷ കമ്മിറ്റിയിലാണ് എഎപിയും കോണ്‍ഗ്രസും ഒന്നായത്. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരിക്കണമെന്ന് ഇവര്‍ അടങ്ങുന്ന നാലംഗ കമ്മിറ്റി തീരുമാനിക്കും. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നുമാണ് മറ്റ് അംഗങ്ങള്‍. എസ്പിയില്‍ നിന്ന് അഖിലേഷ് യാദവ്, ബിഎസ്പിയുടെ സതീഷ് മിശ്ര, കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വി, എഎപിയുടെ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും കഠിനമായ തീരുമാനമാണ് ഇപ്പോള്‍ എടുത്തത്. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ മൂന്ന് സംസ്ഥാനങ്ങളില്‍ എതിര്‍ക്കുന്നുണ്ട്. എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളിയാണ്. ഇവര്‍ മൂന്നുപേരും രാഹുല്‍ ഗാന്ധിയെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവരാണ്. രാഹുല്‍ പ്രധാനമന്ത്രിയാവുന്നതിനോട് ഇവര്‍ യോജിപ്പുമില്ല. ഇവിഎമ്മിന്റെ ഉപയോഗത്തെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണ് കമ്മിറ്റി ആദ്യം സമര്‍പ്പിക്കുക. ഇവിഎമ്മില്‍ തിരിമറി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ ശത്രുത മറന്ന് എഎപിയുമായി കോണ്‍ഗ്രസ് ഒന്നിച്ചത് സഖ്യസാധ്യത ശക്തമാക്കിയിരിക്കുകയാണ്.