കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ആറ് പോലീസ് ഉദ്യോഗസ്ഥരായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. നേരെത്തെ അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടി പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്ത സിബിഐയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കേസിലെ ഒന്നാം പ്രതി എസ്ഐ കെ.എ. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ കേസില്‍ മറ്റ് ആറ് ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്തിരുന്നില്ല. ജാമ്യം റദ്ദാക്കിയതോടെ സാബുവിനെ സിബിഐ വീണ്ടും അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ആറ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റു ചെയ്തത്. ഹൈക്കോടതി നല്കിയ ജാമ്യം നിലനില്‍ക്കെയാണ് പ്രതികളെ വീണ്ടും എറണാകുളം സിബിഐ കോടതി റിമാന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അഞ്ചു പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. സി.ബി. റജിമോന്‍ (എഎസ്ഐ), എസ്. നിയാസ് (സിവില്‍ പോലീസ് ഓഫീസര്‍), സജീവ് ആന്റണി (സിവില്‍ പോലീസ് ഓഫീസര്‍), കെ.എം. ജെയിംസ് (ഹോം ഗാര്‍ഡ്), ജിതിന് കെ. ജോര്‍ജ് (സിവില്‍ പോലീസ് ഓഫീസര്‍), റോയ് പി. വര്‍ഗീസ് (എഎസ്ഐ) എന്നിവരാണ് അറസ്റ്റിലായത്.