തിരുവനന്തപുരം : കാട്ടാക്കട കൊലപാതക കേസിലെ രണ്ട് പ്രതികള്‍ ചാടി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കന്യാകുമാരി കൊല്ലംകോട് പനവിളപുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീനിവാസന്‍ (46), കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ് കുമാര്‍ (37)എന്നിവരാണ് .നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ നിന്ന് ചാടി പോയത്
വെഞ്ഞാറമൂട് ആര്യക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് കുമാര്‍. 2013ല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ഇത് ജീവപര്യന്തമായി കുറച്ചു. കന്യാകുമാരി കൊല്ലംകോട് സ്വദേശിയായ ശ്രീനിവാസന്‍ പാലക്കാട്ട് നടന്ന കൊലപാതത്തിലെ പ്രതിയാണ്. ഇയാളും സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ടുപേരെയും ഓപ്പണ്‍ ജയിലില്‍ എത്തിച്ചത്. ശ്രീനിവാസന്‍ 2013ലും ഓപ്പണ്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയിരുന്നു. കുറച്ച് കാലത്തിന് ശേഷം സ്വമേധയാ മടങ്ങിയെത്തുകയും ഇയാളെ വീണ്ടും സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയുമായിരുന്നു.
ഓപ്പണ്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പല തടവുകാരെയും പരോള്‍ നല്‍കി അയച്ചിരുന്നു. അന്തേവാസികളുടെ എണ്ണം കുറഞ്ഞതോടെ ഇവിടുത്തെ കൃഷിയും അനുബന്ധജോലികളും തടസപ്പെട്ടു. ഇതോടെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള തടവുകാരെ തുറന്ന ജയിലില്‍ എത്തിച്ചത്.
ജയില്‍ ചാടിയവരെ പിടികൂടാനായി ജയില്‍ അധികൃരും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. ഓപ്പണ്‍ ജയിലില്‍ തടവുകാര്‍ക്ക് നല്‍കിയിരുന്ന പതിവ് ജോലികള്‍ക്കിടെ തന്ത്രപരമായാണ് ഇവര്‍ രക്ഷപ്പെട്ടത്. സംവഭവമറിഞ്ഞതോടെ ജയില്‍ അധികൃതര്‍ നെയ്യാര്‍ ഡാം പൊലീസില്‍ വിവരം അറിയിച്ചു. മറ്റ് സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ രാജേഷ് കുമാറിന് രക്ഷപ്പെടാനായി പണവും വസ്ത്രങ്ങളും എത്തിച്ച ഒരാളെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.