വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

16

ആലപ്പുഴ : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യം ചെയ്തതിനാണ് അയൽവാസിയായ നീലംപേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) പ്രതി കൈനടി അടിച്ചിറയിൽ പ്രദീപ്കുമാർ (46) കൊലപ്പെടുത്തിയത് .

2004 മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവദിവസം പ്രദീപ്കുമാർ സരസമ്മയോട് മോശമായി സംസാരിക്കാൻ തുടങ്ങിയതോടെ തർക്ക മായി. ഈ സമയം പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മകൻ എതിർക്കാൻ ശ്രമിച്ചപ്പോൾ മകനെ ഒന്നും ചെയ്യരുതെന്നുപറഞ്ഞ് സരസമ്മ ഇടയ്ക്കു കയറി. ഇതോടെ വീണ്ടും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ചുവെങ്കിലും മരിച്ചു.മകനും മരുമകളും ഭർതൃസഹോദരനും കേസിൽ ദൃക്സാക്ഷികളാണ്. ഇവർ പോലീസിനു നൽകിയിരുന്ന മൊഴി കോടതിയിൽ നിഷേധിച്ചതിനാണ് കോടതി കേസെടുത്തത്. കളവായ തെളിവു നൽകി യതിന് ഏഴുവർഷംവരെ തടവു കിട്ടാവുന്ന കേസാണിത്.

ഈ കേസിന്റെ വിചാരണ പിന്നീട് നടക്കും. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി – 3 ജഡ്ജ് പി.എൻ. സീതയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കേസിൽ കൂറുമാറിയ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട സരസമ്മയുടെ മകനുമായ ഓമനക്കുട്ടൻ, ഇയാളുടെ ഭാര്യയും രണ്ടാംസാക്ഷിയുമായ അജിത, സരസമ്മയുടെ ഭർത്തൃ സഹോദരനും മൂന്നാം സാക്ഷിയുമായ കുട്ടപ്പൻ എന്നിവർക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു.

വീട്ടിൽ അതിക്രമിച്ചു കടന്നതിന് പ്രതി ഒരുമാസം കഠിനതടവും അനുഭവിക്കണം. ഒരു ലക്ഷംരൂപ പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം.

NO COMMENTS