ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് 22ന് ആരംഭിച്ച ഓൾ ഇന്ത്യ സർവ്വീസസ് വോളിബോൾ മത്സരങ്ങൾ അവസാനിച്ചു. ജേതാക്കൾക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സെൻട്രൽ സിവിൽ സർവ്വീസസ് കൾച്ചറൽ ആൻഡ് സ്‌പോർട്‌സ് ബോർഡ് ന്യൂ ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സമാപന മത്സരമായിരുന്ന പുരുഷവിഭാഗം ഫൈനലിൽ ചെന്നൈ റീജിയണൽ സ്‌പോർട്‌സ് ബോർഡിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കൊച്ചിൻ റീജിയണൽ സ്‌പോർട്‌സ് ബോർഡ് ചാമ്പ്യന്മാരായി. ചെന്നൈ റീജിയണൽ സ്‌പോർട്‌സ് ബോർഡാണ് വനിതാ വിഭാഗം ചാമ്പ്യന്മാർ, സെൻട്രൽ സെക്രട്ടേറിയറ്റ് ന്യൂഡൽഹി റണ്ണേഴ്സ് അപ്പും കേരളം മൂന്നാം സ്ഥാനവും നേടി. റീജിയണൽ സ്‌പോർട്‌സ് ബോർഡുകളെയും സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് 35 പുരുഷ ടീമുകളും 14 വനിതാ ടീമുകളുമാണ് 5 ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പങ്കെടുത്തത്.
സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ എസ്. പ്രേംകുമാർ ഐ.എ. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൾ ഇന്ത്യ സിവിൽ സർവ്വീസസ് ഓർഗനൈസിങ് കമ്മിറ്റി (കേരള ചാപ്റ്റർ) സെക്രട്ടറി റോസ് മേരി പ്രെസില സ്വാഗതം അർപ്പിച്ചു. ഓൾ ഇന്ത്യ സിവിൽ സർവ്വീസസ് സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ബോർഡ് കൺവീനർ എൻ. കെ. ഭട്ട്, എ.ഐ. സി. എസ്. വുമൺസ് വോളിബോൾ കൺവീനർ എൻ. കുമുദ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എ. ലീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.