ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നഗരസഭ

129

അങ്കമാലി : സംസ്ഥാന സർക്കാർ നടപ്പിലാക്കാന്ന അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അംഗങ്ങളെയും ഉൾപ്പെടുത്തി അങ്കമാലി നഗരസഭ. സംസ്ഥാനത്ത് പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, അത് വഴി ക്ഷീര കർഷകരുടെയും, ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെയും ഉന്നമനവുമാണ് സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ (മിൽമ ) ഒരു ദിവസം 10 ലിറ്റർ പാൽ വീതം ഒരു വർഷത്തിൽ 100 ദിവസം പാൽ അളന്നാൽ ക്ഷീര കർഷകർക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ 100 ദിവസത്തെ വേദനത്തിന് ആനുപാതികമായ 27,100 രൂപ ലഭ്യമാകും.കൂടാതെ ഒരു ലിറ്റർ പാലിന് 3 രൂപ ഇൻസെന്റീവും നൽകും. ഇതിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം 6 ലക്ഷം രൂപയും നഗരസഭയിൽ നീക്കിവച്ചിട്ടുണ്ട്.

സംസ്ഥാന തലത്തിൽ ഇത്തരം പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ നഗരസഭയും, ജില്ലയിലെ ആദ്യ നഗരസഭയുമാണ് അങ്കമാലി.ക്ഷീര കർഷകർക്കുള്ള തൊഴിൽ കാർഡിന്റെയും, തിരിച്ചറിയൽ കാർഡിന്റെയും വിതരണോദ്ഘാടനം നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ ചെയർപേഴ്സൺ എം.എ ഗ്രേസി ടീച്ചർ നായത്തോട് ക്ഷീരോൽപ്പാദക സഹകരണം സംഘം പ്രസിഡന്റും, ക്ഷീരകർഷകനുമായ പി.ഡി.ഉറുമീസിന് നൽകി നിർവ്വഹിച്ചു. വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലിവർഗീസ്‌, വിനീത ദിലീപ്, നഗരസഭ കൗൺസിലർമാരായ ടി.ടി.ദേവസി കുട്ടി, ടി. വൈ. ഏല്യാസ്, ലീല സദാനന്ദൻ, ബിനു.ബി.അയ്യമ്പിള്ളി, സിനിമോൾ മാർട്ടിൻ , നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ, സീനിയർ ക്ഷീര വികസന ഓഫീസർ ഷഫീന എം. തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് ജിഷ കെ.എം. ഓവർസിയർ സുനി കെ. ചാക്കോ, പി.ശശി എന്നിവർ സംസാരിച്ചു.

NO COMMENTS