ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ. നേരത്തെ, പുല്‍വാമ സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല അറിയിച്ചിരുന്നു. ഈ നിലപാട് തന്നെയാണ് ലോകകപ്പിന്റെ കാര്യത്തിലുമെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ പാക്കിസ്ഥാന് വെറുതെ മത്സരത്തിന്റെ പോയിന്റ് ലഭിക്കുമെന്നേ ഉള്ളു. തങ്ങള്‍ കളിക്കില്ല. ഇനി ഏതെങ്കിലും തരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഒരു ഫൈനല്‍ എന്ന നില വന്നാല്‍ പാക്കിസ്ഥാന് ലോകകപ്പ് ജേതാക്കളാകും സംശയമില്ല- ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം ഐസിസിയെ നിലവില്‍ അറിയിച്ചിട്ടില്ലെന്നും ബിസിസിഐ അറിയിച്ചു.
ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചൊവ്വാഴ്ച അറിയിച്ചിരുന്നു. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്നായിരുന്നു ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞത്. മത്സര ക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. സ്പോര്‍ട്സിന് പ്രത്യേകിച്ച് ക്രിക്കറ്റിന് ആളുകളെ ഒന്നിപ്പിക്കുന്നതിനു അദ്ഭുതകരമായ കഴിവുണ്ടെന്നും മുന്‍ നിശ്ചയപ്രകാരമുള്ള മത്സരങ്ങള്‍ നടക്കാതിരിക്കുന്നതിന് നിലവില്‍ സാഹചര്യമൊന്നും ഇല്ലെന്നും റിച്ചാര്ഡ്സണ് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ബിസിസിഐ മുന്‍ നിലപാട് ആവര്‍ത്തിച്ചത്. നേരത്തെ ഹര്ഭജന് സിംഗ് അടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യമാണ് ആദ്യം, ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുത്- ഇതായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍.
ഇംഗ്ലണ്ടില്‍ മേയ് അവസാനം മുതലാണ് ലോകകപ്പിന് തുടക്കമാകുക. കങ്കാരുപ്പടയാണ് നിലവിലെ ജേതാക്കള്‍. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന്. പത്തു ടീമുകളാണ് ഇക്കുറി അങ്കത്തിനിറങ്ങുക. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാത്തതിനാല്‍ ഓരോ ടീമും ഒമ്ബത് മത്സരം വീതം കളിക്കണം. ഓരോ ടീമും പരസ്പരം ഏറ്റുമുട്ടി ആദ്യ നാലു ടീമുകള്‍ സെമിയിലെത്തും