കാസറഗോഡ് : ജനകീയമായ ഇടപെടലുകളിലൂടെ ഉപയോഗിക്കാതെ കിടന്ന കൃഷിയോഗ്യമായ തരിശ് നിലങ്ങളില്‍ കൃഷിയിറക്കി വിജയഗാഥ രചിച്ച ബേഡഡുക്ക ഗ്രാമപഞ്ചായത്ത് തരിശു രഹിത ഗ്രാമമായി. ഹരിതകേരളം മിഷന്റെ തരിശു രഹിത ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കി ത്തീര്‍ത്തത്.
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍ സീമ തരിശുരഹിത ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും കാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള കാര്‍ഷിക വിപണന മേളയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പി എ ഒ മധു ജോര്‍ജ് മത്തായി ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ അരിയായ ബേഡകം റൈസിനെ ആദ്യ വില്‍പന നടത്തി. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു തരിശ് രഹിതം ഗ്രാമം റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
കളക്ടറും അതിഥികളും ചേര്‍ന്ന് മികച്ച കര്‍ഷകരെ ആദരിച്ചു. മികച്ച കര്‍ഷക ഗ്രൂപ്പുകളെ പി.എ.ഒ മധു ജോര്‍ജ് മത്തായി ആദരിച്ചു. മികച്ച സ്ഥാപനങ്ങളെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ ആദരിച്ചു. മികച്ച സഹകരണ സ്ഥാപനങ്ങളെ സംസ്ഥാന ഹരിതകേരള മിഷന്‍ ടെക്നിക്കല്‍ സെല്‍ അംഗം ഹരിപ്രിയ ദേവി ആദരിച്ചു. ഹരിത ചട്ടം പാലിച്ച് സബ് ജില്ലാ സ്‌കൂള്‍ കലോത്സവം നടത്തിയ കൊളത്തൂര്‍ സ്‌കൂളിനുള്ള ഉപഹാരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി വിതരണം ചെയ്തു.
പ്രകൃതി സൗഹൃദ വസ്തുക്കളില്‍ നിന്ന് കലാശില്പം തീര്‍ക്കുന്നവര്‍ക്കുള്ള ആദരം ജില്ലാ പഞ്ചായത്തംഗം എന്‍. പ്രദീപന്‍ നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, എം.ജി.എന്‍.ആര്‍.ഇ.ജി പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.