തിരുച്ചി: വെള്ളിയാഴ്ച വൈകിട്ടാണു തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന് സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. തിരുച്ചിറപ്പള്ളി 28 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്കു പതിച്ചു. ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി. കുട്ടിയെ മൂന്നാം ദിവസവും രക്ഷിക്കാനായില്ല.
ദേശീയ ദുരന്തനിവാരണ സേന നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ റിഗ് ഉപയോഗിച്ചു സമാന്തര കിണറര്‍ നിര്‍മിച്ചു കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം.
പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതോടെയാണു വന്‍ കിണറുകള്‍ നിര്‍മിച്ചു പരിചയമുള്ള ഒഎന്‍ജിസിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് നാട്ടുകാട്ടുപെട്ടിയിലെത്തിച്ചു. റിഗ് ഉപയോഗിച്ചു കുഴല്‍കിണറിനു സമാന്തമാരമായി മൂന്നാള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന കുഴിയുണ്ടാക്കുകയാണിപ്പോള്‍. ഇതുവഴി കുട്ടിയെ പുറത്തെത്തിക്കാനാണു ശ്രമം.
തൊണ്ണൂറടി താഴ്ചയില്‍ കഴിയുന്ന കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടര്‍ച്ചയായി കിണറ്റിലേക്കു ഓക്സിജന്‍ പന്പ് ചെയ്യുന്നുമുണ്ട്. കുട്ടി കുടുങ്ങി കിടക്കുന്ന കുഴല്‍കിണറിന് 600 അടിയാണ് ആഴം. 1000 അടി താഴ്ചയുണ്ടെന്നും പറയപ്പെടുന്നു.